വിഭാഗീയത രൂക്ഷയതിനു പിന്നാലെ നാഷണൽ, പ്രവിശ്യ നേതാക്കളുടെ നേതൃത്വത്തിൽ നടത്തിയ കൗൺസിൽ മീറ്റ് സംഘർഷത്തിന്റെ വക്കിൽ എത്തിയതോടെ പിരിച്ചു വിടുകയായിരുന്നു
ജുബൈൽ: ജുബൈൽ കെഎംസിസിയിൽ ഒരു വിഭാഗം കമ്മിറ്റി പ്രഖ്യാപിച്ചതിന് പിന്നാലെ മറു വിഭാഗവും സെൻട്രൽ കമ്മിറ്റി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുതിയ കമ്മിറ്റി രൂപീകരിച്ചതായി പ്രവിശ്യ കമ്മിറ്റി അറിയിച്ചിരുന്നു. എന്നാൽ, വിഭാഗീയ പ്രവർത്തനം ശക്തമായ ജുബൈലിൽ ഒരു വിഭാഗത്തെ തഴഞ്ഞ് പ്രവിശ്യ കമ്മിറ്റിയിലെ ചില നേതാക്കളുടെ ഇടപെടലിൽ കമ്മിറ്റി പ്രഖ്യാപിച്ചതായി ആരോപിച്ചാണ് മറു വിഭാഗം പുതിയ കമ്മിറ്റി രൂപീകരിച്ചത്.
കെഎംസിസി ജുബൈൽ സെൻട്രൽ കമ്മിറ്റിയുടെ വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഏതാനും ചില വിമത പ്രവർത്തകരുടെ നേതൃത്വത്തിൽ സെൻട്രൽ കമ്മിറ്റി രൂപീകരിച്ചു എന്നുള്ള വാർത്ത ജുബൈയിലിലെ ബഹു ഭൂരിപക്ഷം കെഎംസിസി പ്രവർത്തകർക്കിടയിൽ വൻ പ്രതിഷേധത്തിനു ഇടയാക്കിരിക്കുകയാണെന്ന് പുതിയ കമ്മിറ്റി വിഭാഗം ആരോപിക്കുന്നു. പിരിച്ചു വിട്ട ജുബൈയിലിലെ സെൻട്രൽ കമ്മിറ്റി രൂപീകരണത്തിന് ശ്രമം നടത്തിയതിന്റെ ഭാഗമായി കൗൺസിൽമീറ്റും നാഷണൽ കമ്മിറ്റിയുടെമേൽനോട്ടത്തിൽ നടന്നിരുന്നു. എന്നാൽ, നാഷണൽ കമ്മിറ്റി പ്രതിനിധികളെ പരസ്യമായി ആക്ഷേപിക്കുകയും അസഭ്യം പറയുകയും അപമാനിച്ചും തിരിച്ചയക്കുയായിരുന്നു. ഒടുവിൽ കമ്മിറ്റി രൂപീകരിക്കുക എന്ന ശ്രമം ഉപേക്ഷിച്ച് പ്രതിനിധികൾ മടങ്ങുകയായിരുന്നു
മാസങ്ങളായി കെ.എം.സി.സി ജുബൈൽ സെൻട്രൽ കമ്മിറ്റിയിൽ നിലനിന്നിരുന്ന വിഭാഗീയതയാണ് പുതിയ കമ്മിറ്റി രൂപീകരണത്തോടെ പുറത്തു വന്നിരിക്കുന്നത്. നൗഷാദ് തിരുവനന്തപുരം (ചെയർ.), സലാം ആലപ്പുഴ (പ്രസി.), ബഷീർ വെട്ടുപാറ (ജന. സെക്ര.), ശരീഫ് ആലുവ (ട്രഷ.), അൻസാരി നാരിയ (ഓർഗ. സെക്ര.) എന്നിങ്ങനെ മുഖ്യഭാരവാഹികൾ ആയാണ് നേരത്തെ കമ്മിറ്റി പുനഃസംഘടിപ്പിച്ചിരുന്നത്. സഊദി നാഷനൽ കമ്മിറ്റിയുടെ അംഗീകാരത്തോടെയായിരിന്നു ഈ കമ്മിറ്റി.
ഇതിൽ ചിലരുടെ പേരുകൾ ഇരു കമ്മിറ്റി ഭാരവാഹികളുടെ ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, കിഴക്കൻ പ്രവിശ്യ കമ്മിറ്റിയിലെ ചിലരുടെ ഇടപെടലാണ് ജുബൈൽ വിഷയം ഇത്ര രൂക്ഷമാക്കിയതെന്ന നിലപാടാണ് ദമാം കേന്ദ്രീകരിച്ചുള്ളവരുടെ അഭിപ്രായം. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇത് സംബന്ധിച്ച വാഗ്വാദവും നടക്കുന്നുണ്ട്. ആദ്യം പ്രഖ്യാപിച്ച കമ്മിറ്റിയാണ് ഔദ്യോഗികമായി നിശ്ചയിച്ചതെന്നും പുതുതായി വന്ന കമ്മിറ്റിയെക്കുറിച്ച് അറിയില്ലെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചതിന് ശേഷം ആവശ്യമെങ്കിൽ നടപടി എടുക്കുമെന്നുമാണ് കെ.എം.സി.സി സഊദി നാഷനൽ കമ്മിറ്റി പ്രധാന ഭാരവാഹി ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞത്.