വരന്റെ വരുമാനം പോരെന്നുകാട്ടി യുവതി അവസാന നിമിഷം പിന്മാറിയതിനെ തുടർന്ന് വിവാഹം മുടങ്ങി. ഉത്തർ പ്രദേശിലെ ഫറൂഖാബാഥിലാണ് സംഭവം. വരന് ജോലി സ്വകാര്യ കമ്പനിയിൽ ആണെന്നും ശമ്പളം പോരെന്നും അതിനാൽ വിവാഹത്തിൽ നിന്നും പിന്മാറുന്നുവെന്നുമാണ് വധു വരന്റെ കുടുംബത്തെ അറിയിച്ചത്.
യുവാവിന് 1,20,000 രൂപ ശമ്പളം ഉണ്ടെന്ന് വരൻ്റെ കുടുംബം വധുവിന്റെ വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ ഈ ശമ്പളം പോരെന്നും സർക്കാർ ജോലി ഉണ്ടെങ്കിൽ മാത്രമേ വിവാഹം കഴിക്കുവെന്നും യുവതി കുടുംബത്തെ അറിയിക്കുകയായിരുന്നു. മാതാപിതാക്കളും ബന്ധുക്കളുമടക്കം യുവതിയെ നിരവധി തവണ ഈ വിഷയം പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചുവെങ്കിലും യുവതി തന്റെ തീരുമാനം മാറ്റാൻ തയ്യാറായില്ല.
അതേസമയം വധു തീരുമാനം പിൻവലിച്ച് എത്തുമെന്നോർത്ത് വരനും കുടുംബവും വിവാഹ ദിവസം ആഡംബരമായി തയ്യാറാക്കിയ വിവാഹ പന്തലിൽ എത്തിയിരുന്നു. എന്നാൽ വധു വരഞ്ഞതോടെ വിവാഹം മുടങ്ങുകയായിരുന്നു.
അതേസമയം വിവാഹത്തിന്റെ ചെലവ് വരന്റെയും വധുവിന്റെയും കുടുംബം പങ്കിട്ടെടുക്കാമെന്ന ധാരണയിലെത്തി. വിവാഹത്തിന്റെ എല്ലാ ഒരുക്കങ്ങളും നടത്തിയതിനാൽ വരന്റെ കുടുംബത്തിന് വലിയ രീതിയിൽ പണം ചെലവാക്കേണ്ടി വന്നിരുന്നു. എന്നാൽ ഇതിന്റെ ചെലവ് തങ്ങൾ കൂടി ഏറ്റെടുക്കാമെന്നാണ് വധുവിന്റെ കുടുംബം അറിയിച്ചത്.