തെന്നിന്ത്യ ആവേശത്തോടെ കാത്തിരിക്കുന്ന കല്യാണമാണ് നടൻ നാഗ ചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും. അടുത്ത മാസം നാലിന് ഹൈദരാബാദിൽവെച്ചാണ് താര വിവാഹമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ കഴിഞ്ഞ ആഗസ്റ്റിലായിരുന്നു വിവാഹനിശ്ചയം നടന്നത്. ഇരുവരുടെയും കുടുംബാംഗങ്ങൾ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.
ഇപ്പോഴിതാ താരങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട പുതിയ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വിവാഹ വിഡിയോ ഒടിടിയിലൂടെ എത്തുമെന്നാണ് വിവരം. മുൻപ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ വിവാഹം പ്രേക്ഷകരിലേക്കെത്തിച്ച നെറ്ഫ്ലിസ് തന്നെയാവും നാഗ ചൈത്യയുടേയും വിവാഹം കാമറക്കുള്ളിലാകുക.
50 കോടി രൂപക്കാണ് നെറ്റ്ഫ്ലിക്സ് ഇതു സ്വന്തമാക്കിയിരിക്കുന്നതെന്നാണ് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ ഒരു എക്സ് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയത്. എന്നാൽ ഇതിനെക്കുറിച്ച് നാഗചൈതന്യയോ ശോഭിതയോ പ്രതികരിച്ചിട്ടില്ല.
തെലുങ്ക് ആചാരപ്രകാരമാണ് നാഗ ചൈതന്യയും ശോഭിതയും വിവാഹിതരാകുന്നത്. ആഡംബര ഡെസ്റ്റിനേഷൻ വിവാഹം ഒഴിവാക്കി നാട്ടിൽ തന്നെയാണ് വിവാഹാഘോഷം പ്ലാൻ ചെയ്തിരിക്കുന്നത്. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയിൽവെച്ചാകും നാഗചൈതന്യ- ശോഭിത വിവാഹം നടക്കുക. നടന്‍റെ രണ്ടാം വിവാഹമാണിത്. 2021 ലാണ് നാഗചൈതന്യയും നടി സാമന്തയും നിയമപരമായി വേർപിരിയുന്നത്. ദീർഘ നാളത്തെ പ്രണയത്തിന് ശേഷമാണ് 2017 ഇരുവരും വിവാഹിതരാവുന്നത്. നാല് വർഷത്തിന് ശേഷം വേർപിരിയുകയായിരുന്നു.