മുംബൈ: എയര്‍ഇന്ത്യ പൈലറ്റിനെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. ഗോരഖ്പുര്‍ സ്വദേശിനിയായ സൃഷ്ടി തുലിയുടെ മരണത്തിലാണ് സുഹൃത്ത് ആദിത്യ പണ്ഡിറ്റിനെ പൊലീസ് അറസ്റ്റുചെയ്തത്.
മുംബൈ അന്ധേരിയിലെ താമസസ്ഥലത്താണ് സൃഷ്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. ആദിത്യ പൊതുസ്ഥലത്തുവെച്ച് സൃഷ്ടിയെ അപമാനിച്ചുവെന്നും മാംസാഹാരം കഴിക്കുന്നതില്‍ നിന്ന് വിലക്കിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
ആദിത്യയുടെ പീഡനത്തില്‍ സൃഷ്ടി മാനസികമായി തകര്‍ന്നിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആദിത്യ മുംബൈയിലെ സൃഷ്ടിയുടെ താമസസ്ഥലത്ത് വരാറുണ്ടായിരുന്നു. ഞായറാഴ്ച ജോലി കഴിഞ്ഞെത്തിയ സൃഷ്ടിയും ആദിത്യയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
പിന്നാലെ ആദിത്യ ഡല്‍ഹിയിലേക്ക് തിരിച്ചു. ആദിത്യയെ ഫോണില്‍ വിളിച്ച സൃഷ്ടി താന്‍ ആത്മഹത്യചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഉടനെ സൃഷ്ടിയുടെ ഫ്‌ളാറ്റില്‍ എത്തിയ ആദിത്യ കാണുന്നത് ചലനമറ്റുകിടക്കുന്ന സൃഷ്ടിയെയാണ്.
ആശുപത്രിയിലെത്തിച്ചെങ്കിലും സൃഷ്ടി മരണപ്പെട്ടിരുന്നു. കോടതിയില്‍ ഹാജരാക്കിയ ആദിത്യയെ നാലുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. സൃഷ്ടിയുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനക്കയച്ചു.