കോഴിക്കോട്: പ്ലസ് ടു കോഴക്കേസിൽ കെ.എം ഷാജിക്ക് അനുകൂലമായ സുപ്രിംകോടതി വിധി സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. വിമർശിക്കുന്നവരെ വേട്ടയാടുകയെന്ന കേന്ദ്രസർക്കാർ നയം കേരളത്തിലും പ്രയോഗിക്കാനാണ് ഇടത് സർക്കാർ ശ്രമിച്ചത്. അതിനെതിരെ ഷാജി ആത്മവിശ്വാസത്തോടെ നിലകൊണ്ടു. ഭരണകൂടം നീതിരഹിതമായി പ്രവർത്തിച്ചാൽ നീതി നൽകാൻ ഇന്ത്യയിലൊരു സംവിധാനമുണ്ടെന്ന് മറന്നതിന്റെ തിരിച്ചടിയാണ് സുപ്രിംകോടതിയിൽ കണ്ടതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കെ.എം ഷാജിക്കെതിരായ കേസില്‍ അപ്പീലിന് പോയ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് ഇന്നലെ സുപ്രീംകോടതിയിലുണ്ടായത്. വിമര്‍ശിക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും വേട്ടയാടുകയെന്ന രീതിക്ക് ഏറ്റ പ്രഹരം.
കേന്ദ്രം നിരന്തരം പരീക്ഷിക്കുന്ന ഈ രാഷ്ട്രീയ വേട്ട കേരളത്തില്‍ പ്രയോഗിക്കാനായിരുന്നു ഇടത് സര്‍ക്കാരിന്റെ ശ്രമം. അതിനെതിരെ ഷാജി ആത്മവിശ്വാസത്തോടെ നിലകൊണ്ടു. ഭരണകൂടം നീതി രഹിതമായി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചാല്‍, നീതി നല്‍കാന്‍ ഇന്ത്യയിലൊരു സംവിധാനമുണ്ടെന്നത് മറന്നതിന്റെ തിരിച്ചടിയായിരുന്നു ഇന്നലെ സുപ്രീംകോടതിയില്‍ കണ്ടത്. കെ.എം ഷാജിക്ക് അഭിനന്ദനങ്ങള്‍.