ജിദ്ദ: അടുത്ത വർഷത്തേക്കുള്ള ബജറ്റുമായി ബന്ധപ്പെട്ട് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ മൂന്നാമതൊരു ദേശീയ വിമാന കമ്പനി കൂടി ആരംഭിക്കാൻ സൗദി അറേബ്യക്ക് പദ്ധതിയിടുന്നതായി അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലെ ദമാം ആസ്ഥാനമായാണ് പുതിയ ദേശീയ വിമാന കമ്പനി പ്രവർത്തിക്കുക.
രണ്ടാമത്തെ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ അടുത്ത വർഷം സർവീസുകൾ ആരംഭിക്കും. റിയാദ് ആസ്ഥാനമായാണ് പുതിയ കമ്പനി സർവീസ് നടത്തുക. സർവീസ് തുടങ്ങുന്നതിനു മുന്നോടിയായി നിരവധി വിമാനങ്ങൾക്ക് റിയാദ് എയർ കഴിഞ്ഞ മാസങ്ങളിൽ ഓർഡറുകൾ നൽകിയിരുന്നു. ദേശീയ വിമാന കമ്പനിയായ സൗദിയ ജിദ്ദ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.
അൽജൗഫ്, അൽബാഹ, ജിദ്ദ എയർപോർട്ടുകൾ അടക്കം രാജ്യത്ത ഏതാനും അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പുതിയ ടെർമിനലുകൾ ഉദ്ഘാടനം ചെയ്യും. രാജ്യത്തെ തുറമുഖങ്ങളിൽ ആറു ലോജിസ്റ്റിക്സ് സോണുകൾ പുതുതായി ആരംഭിക്കും. പൊതുഗതാഗത ശൃംഖല വിപുലീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഏതാനും നഗരങ്ങളിൽ ബസ് ഉപയോഗിച്ചുള്ള പൊതുഗതാഗത പദ്ധതികൾ നടപ്പാക്കുമെന്നും ധനമന്ത്രാലയം പറഞ്ഞു.
സൗദിയിൽ പ്രതിവർഷ വിമാന യാത്രക്കാരുടെ എണ്ണം 33 കോടിയായും സൗദിയിൽ നിന്ന് നേരിട്ട് സർവീസുള്ള വിദേശ നഗരങ്ങളുടെ എണ്ണം 250 ആയും പ്രതിവർഷം കൈകാര്യം ചെയ്യുന്ന എയർ കാർഗോ 45 ലക്ഷം ടൺ ആയും 2030 ഓടെ ഉയർത്താൻ ദേശീയ വ്യോമയാന തന്ത്രം ലക്ഷ്യമിടുന്നു.