Thursday, 5 December - 2024

കള്ളനോട്ടുകൾ പ്രചരിപ്പിച്ചു; ആറ് പൗരന്മാർക്ക് 5 വർഷം വീതം തടവും 50,000 റിയാൽ പിഴയും

റിയാദ്: കള്ളനോട്ടുകൾ പ്രചരിപ്പിച്ചതിന് 6 സൗദി പൗരന്മാർക്ക് 5 വർഷം വീതം തടവും 50,000 റിയാൽ പിഴയും വിധിച്ചു. സൗദി പ്രത്യേക കോടതിയുടേതാണ് വിധി. പബ്ലിക് പ്രോസിക്യൂഷന്റെ കീഴിലുള്ള സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് പ്രതികൾക്കെതിരെ അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

കള്ളപ്പണം, വ്യാജ നോട്ടുകൾ എന്നിവ സംബന്ധിച്ച ക്രിമിനൽ നിയമത്തിലെയും സാമ്പത്തിക തട്ടിപ്പ്, വിശ്വാസലംഘനം എന്നിവയെ പ്രതിരോധിക്കുന്നതിനുള്ള നിയമത്തിലെയും വ്യവസ്ഥകൾ ലംഘിച്ചതിനാണ് ശിക്ഷ വിധിച്ചത്.

പ്രതികളിലൊരാൾ രാജ്യത്തിന് പുറത്ത് പ്രവർത്തിക്കുന്ന ഒരു വെബ്‌സൈറ്റിലൂടെ   100,000 റിയാലിന്റെ കള്ളപ്പണം ആവശ്യപ്പെട്ടതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ പ്രതി വ്യാജ നോട്ടുകൾ ഉപയോഗിക്കുകയും മറ്റ് സൗദി പൗരന്മാരുമായി ചേർന്ന് വിതരണം ചെയ്യുകയും ഇവ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്തുവെന്നും കണ്ടെത്തി.

അറസ്റ്റ് ചെയ്ത പ്രതികളെ വിചാരണക്കായി പ്രത്യേക കോടതിയിലാണ് ഹാജരാക്കിയത്. രാജ്യത്തിന്റെ കറൻസി  സംരക്ഷിക്കുമെന്നും കൃത്രിമം കാണിക്കാനും ദുരുപയോഗം ചെയ്യാനും ശ്രമിക്കുന്നവരെ തടയാൻ പരമാവധി ശ്രമിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. 

Most Popular

error: