Thursday, 5 December - 2024

പോര്‍ഷേ, ഫെറാറി, ലംബോര്‍ഗിനി, മക്‌ലാരന്‍; സൂപ്പര്‍ കാറുകളില്‍ കറങ്ങി നടക്കുന്ന ന്യൂജെന്‍ അമ്മൂമ്മമാര്‍…..

ഇതാ രണ്ട് പൊളി അമ്മൂമ്മമാര്‍ കടന്നുവരികയാണ്. സൂപ്പര്‍ കാറുകളില്‍ കറങ്ങി നടക്കുന്ന ന്യൂജെന്‍ അമ്മൂമ്മമാര്‍. പോര്‍ഷേ, ഫെറാറി, ലംബോര്‍ഗിനി, മക്‌ലാരന്‍ തുടങ്ങി സകല സൂപ്പര്‍ കാറുകളെക്കുറിച്ചും കൊച്ചുമകന് പറഞ്ഞുകൊടുക്കുന്ന ഈ അമ്മൂമ്മമാരെ കണ്ട അമ്പരപ്പിലാണ് സൈബർലോകം. കൊച്ചുമകന്‍‌ വന്ന് ഏത് വണ്ടിയെടുക്കണം എന്നു ചോദിക്കുമ്പോള്‍ കൃത്യമായി അത് പറഞ്ഞു കൊടുക്കുന്ന, എന്തുകൊണ്ട് ആ വണ്ടിയെടുക്കണം എന്നു കൂടി വ്യക്തമാക്കുന്ന ഇവരുടെ വിഡിയോ ദിവസങ്ങള്‍ കൊണ്ട് നേടിയെടുത്തത് മില്യണ്‍ കണക്കിന് വ്യൂസാണ്.

ആനന്ദ് എന്ന യുവാവിന്‍റെ ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ വന്നത്. ഒരു വിഡിയോയില്‍ പോര്‍ഷെ കാറിനെക്കുറിച്ചാണ് കൊച്ചുമകന്‍ അമ്മൂമ്മമാരോട് ചോദിക്കുന്നത്. ‘പോര്‍ഷെ നല്ല വണ്ടിയാണല്ലോ പക്ഷേ എല്ലാവരുടെയും കയ്യിലുണ്ടല്ലോ’ എന്നാണ് ഒരമ്മൂമ്മ പറയുന്നത്. ‘പോര്‍ഷെ നല്ല വണ്ടിയാ മോനേ പക്ഷേ, അതിന്‍റെ ഡോറ് മോളിലോട്ട് പോകില്ലല്ലോ. അതുകൊണ്ടു മോനൊരു മക്‌ലാരന്‍ എടുക്ക്’ എന്നാണ് രണ്ടാമത്തെ അമ്മൂമ്മ പറയുന്നത്.

പിന്നെ കാണുന്നത് കേരളത്തിലെ ആദ്യത്തെ മക്‌ലാരന്‍ 756 എല്‍ടി സ്വന്തമാക്കുന്ന ഏറ്റവും ചെറിയ പ്രായക്കാരനെയാണ്. ഇന്ത്യയിലെ തന്നെ മൂന്നാമത്തെ മക്‌ലാരന്‍ 756 എല്‍ടിയാണിത്. മറ്റൊരു വിഡിയോയില്‍ പോര്‍ഷെ എടുക്കണോ അതോ ഫെറാറി എടുക്കണോ എന്ന കൊച്ചുമകന്‍റെ ചോദ്യത്തിന് രണ്ടും വേണ്ട ലംബോര്‍ഗിനി മതിയെന്ന് പറയുന്ന അമ്മൂമ്മയെ കാണാം.

ലംബോര്‍ഗിനിയുമായി കുറച്ചു സ്കൂള്‍ കുട്ടികള്‍ക്ക് മുന്നിലെത്തുന്ന ആനന്ദിന്‍റെ വിഡിയോയും പേജില്‍ കാണാം. കുട്ടികളെ ഏതോ പാര്‍ക്കില്‍ കൊണ്ടുപോയതു പോലെ കാറിനുള്ളില്‍ കയറ്റുകയും അവരുടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുകയും ചെയ്യുന്ന ആനന്ദിന്‍റെ ഈ വിഡിയോ വളരെ ഹൃദ്യമാണ്. എന്തായാലും ആനന്ദിന്‍റെ അമ്മൂമ്മമാര്‍ വേറെ ലെവലാണെന്നാണ് കമന്‍റുകള്‍. 

‘എക്‌ലയേഴ്സ് എന്ന് പറയുന്ന ലാഘവത്തോടെയാണ് അമ്മൂമ്മ മക്‌ലാരന്‍ എന്നൊക്കെ പറയുന്നത്’ എന്നാണ് ഒരു കമന്‍റ്. ‘നമ്മുടെ ഒക്കെ അമ്മൂമ്മ കൊച്ചുമോനോട്: ഞങ്ങൾ ഒക്കെ കിലോമീറ്ററുകൾ നടന്നു പോയിട്ടുണ്ട്, നിനക്കൊക്കെ ജംക്ഷൻ വരെ പോണമെങ്കിൽ കുടുകുടു വണ്ടി ഇല്ലാതെ പറ്റില്ല’ എന്നാണ് മറ്റൊരു കമന്‍റ്. ‘എനിക്കും ഉണ്ട് ഒരു അമ്മൂമ്മ… ഇന്നലേം കൂടി എന്റെ നൈക്കിന്റെ ഷൂവിന്റെ ഉള്ളിൽ മുറുക്കി തുപ്പി’ എന്നിങ്ങനെ രസകരമായ കമന്‍റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.

Most Popular

error: