കൊച്ചി: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഇത് സംബന്ധിച്ച ആവശ്യവുമായി നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നാണ് കുടുംബം ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നീതി ലഭിക്കാന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമെന്നും കുടുംബം ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് നടപടിക്രമങ്ങളില്‍ വീഴ്ചപറ്റിയെന്നും മൊഴി രേഖപ്പെടുത്താന്‍ ഉള്‍പ്പടെ വൈകിയെന്നും ഹർജിയിൽ കുടുംബം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നാണ് കുടുംബം പ്രധാനമായും ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന വാദം.
നവീൻ ബാബുവിൻ്റേത് കൊലപാതകമാണോയെന്ന് സംശയമെന്നും കുടുംബം ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. നവീന്‍ ബാബുവിനെ കെട്ടിത്തൂക്കി കൊന്നതാണോ എന്ന സാധ്യത പരിശോധിച്ചില്ല. യാത്രയയപ്പ് ചടങ്ങിന് ശേഷം ചിലര്‍ നവീന്‍ ബാബുവിനെ കണ്ടു. മരണത്തിലേക്ക് നയിച്ച വസ്തുതകള്‍ പുറത്തുകൊണ്ടുവരാനായില്ലെന്നും കുടുംബം ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കുടുംബം എത്തുന്നതിന് മുന്‍പ് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിരുന്നെന്നും എന്നാല്‍ അതുണ്ടായില്ലെന്നും കുടുംബം ചൂണ്ടിക്കാണിക്കുന്നു. കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ല. നീതി ലഭിക്കാന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കുടുംബം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹര്‍ജി നേരത്തെ വിധി പറായാനായി തലശ്ശേരി സെഷൻസ് കേടതി മാറ്റിയിരുന്നു. അടുത്തമാസം മൂന്നിനായിരിക്കും വിധി പ്രസ്താവിക്കുക. പ്രതിയുടെയും സാക്ഷികളുടെയും ഫോണ്‍ കോള്‍ രേഖകള്‍, കളക്ടറേറ്റ് റെയില്‍വേ സ്റ്റേഷന്‍ പരിസരം, ക്വാട്ടേഴ്‌സ് പരിസരം എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ എന്നിവ ശേഖരിച്ച് സൂക്ഷിക്കണമെന്നായിരുന്നു ഹര്‍ജിലെ ആവശ്യം.
തെളിവുകള്‍ സംരക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍, ബിഎസ്എന്‍എല്‍, വോഡാഫോണ്‍ അധികൃതര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കുടുബം ഹര്‍ജിയിൽ ആവശ്യമുന്നയിച്ചിരുന്നു. പിപി ദിവ്യ, ജില്ലാ കലക്ടര്‍, പ്രശാന്ത് എന്നിവരുടെ ഫോണ്‍ രേഖകള്‍ സംരക്ഷിക്കണമെന്നാണ് അപേക്ഷ. ദിവ്യയുടെയും കളക്ടറുടെയും സ്വകാര്യഫോണിലെ വിളികളുടെ രേഖകള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നവീന്‍ ബാബു മരിച്ചിട്ട് ഒരുമാസം കഴിഞ്ഞിട്ടും തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഒന്നും ചെയ്യുന്നില്ലെന്നും പി എം സജിത മുഖേന നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.