തിരുവനന്തപുരം: പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലെ കയ്യാങ്കളിയില്‍ പ്രിന്‍സിപ്പാളിന് മര്‍ദനം. വിദ്യാര്‍ത്ഥികളുടെ കയ്യാങ്കളി തടയാനെത്തിയ പ്രിന്‍സിപ്പാള്‍ പ്രിയയ്ക്കാണ് മര്‍ദനമേറ്റത്. തലയ്ക്കും മൂക്കിനും പരിക്കേറ്റ പ്രിയയെ ഉടന്‍ കാട്ടാക്കട മമല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കയ്യാങ്കളി തടയാന്‍ എത്തിയ പിടിഎ പ്രസിഡണ്ടിനും മര്‍ദ്ദനമേറ്റിട്ടുണ്ട്.
സമൂഹമാധ്യമമായ ഇന്‍സ്റ്റാഗ്രാമിലെ കമന്റിനെ ചൊല്ലിയായിരുന്നു സംഘര്‍ഷമുണ്ടായത്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി കമന്റിട്ടതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. ഇത്തരം യോഗങ്ങള്‍ പതിവായി ഉണ്ടാകുന്നത് കാരണം രക്ഷിതാക്കളുടെയും കുട്ടികളുടെയും യോഗം ഇന്ന് സ്‌കൂളില്‍ വിളിച്ചിരുന്നു.
ഈ യോഗത്തില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടാകുകയായിരുന്നു. ഇതിനിടെ തര്‍ക്കം പരിഹരിക്കാനെത്തിയ പ്രിന്‍സിപ്പാള്‍ സംഘര്‍ഷത്തിനിടെ നിലത്ത് വീഴുകയും നെറ്റിയില്‍ പരുക്കേല്‍ക്കുകയുമായിരുന്നു. എന്നാല്‍ കസേര ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിനെ മര്‍ദിക്കുകയായിരുന്നെന്നും വിവരമുണ്ട്. നിലവില്‍ കാട്ടാക്കട പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിനായി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുമായി അധ്യാപകര്‍ ചര്‍ച്ച ചെയ്ത് വരികയാണ്.