മുംബൈ: സംഗീത സംവിധായകനും ഗായകനുമായ എ.ആർ റഹ്‌മാനും ഭാര്യ സൈറയും വിവാഹമോചിതരായി. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ഇരുവരും വേർപിരിയാനുള്ള തീരുമാനത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.
വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം സൈറ തന്റെ ഭർത്താവ് എ.ആർ റഹ്‌മാനുമായി പിരിയാൻ തീരുമാനിച്ചിരിക്കുന്നു. ബന്ധം തുടർന്നുപോകുന്നതിലെ വൈകാരിക സമ്മർദത്തെ തുടർന്നാണ് തീരുമാനം. പരസ്പരം അഗാധമായ സ്‌നേഹമുണ്ടായിട്ടും പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും തങ്ങൾക്കിടയിൽ പരിഹരിക്കാനാവാത്ത വിടവ് സൃഷ്ടിച്ചതായി ഇരുവരും മനസ്സിലാക്കുന്നു.
ഈ സാഹചര്യത്തിൽ പ്രശ്‌നപരിഹാരം സാധ്യമല്ല. വേദനയും നിരാശയും മൂലമാണ് ഈ തീരുമാനമെടുത്തതെന്ന് സൈറ വ്യക്തമാക്കി. ഈ പ്രയാസകരമായ സന്ദർഭത്തിൽ സൈറയുടെ സ്വകാര്യത മാനിക്കണമെന്നും വന്ദനാ ഷാ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.
1995ലായിരുന്നു സൈറയും റഹ്‌മാനും വിവാഹിതരായത്. ഖദീജ, റഹീമ, അമീൻ എന്നീ മൂന്ന് മക്കളാണ് ഇവർക്കുള്ളത്.





