വൻ ലഹരി മരുന്ന് ശേഖരം കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി സഊദി കസ്റ്റംസ്

0
1557

ജിദ്ദ: വൻ ലഹരി മരുന്ന് ശേഖരം കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി
സഊദി കസ്റ്റംസ്. 10 പേരെ അറസ്റ്റ് ചെയ്തു. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളം, റിയാദിലെ ഡ്രൈ പോർട്ട്, ബത്ത അതിർത്തി പോസ്റ്റ് എന്നിവിടങ്ങളിൽ സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് 6,45,000 ലഹരി ഗുളികകളും ഷാബു മയക്കുമരുന്നും രാജ്യത്തേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്.

പിടികൂടിയ മരുന്നുകളിൽ 200,000 ക്യാപ്റ്റഗൺ ഗുളികകളും 445,000-ലധികം പ്രെഗബാലിൻ, ട്രമാഡോൾ ഗുളികകളും ഉൾപ്പെടുന്നു. കൂടാതെ ഷാബുവിൻ്റെ അസംസ്‌കൃത രൂപമായ മെത്താംഫെറ്റാമിനുമുണ്ട്. ഇത് സ്വീകരിക്കാനെത്തിയ 10 പേരെയാണ് അറസ്റ്റ് ചെയ്തത്.

ആദ്യ സംഭവത്തിൽ വീട്ടുപകരണങ്ങൾ അടങ്ങിയ തപാൽ പാഴ്സലുകളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 200,000 ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള ശ്രമം തടയാൻ ജിദ്ദ വിമാനത്താവളത്തിലെ കസ്റ്റംസിന് കഴിഞ്ഞതായി അതോറിറ്റി അറിയിച്ചു.
പാത്രങ്ങൾക്ക് താഴെയുള്ള പാളിയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്.

രണ്ടാമത്തെ സംഭവത്തിൽ റിയാദ് ഡ്രൈ പോർട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് 403,125 പ്രെഗബാലിൻ ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. തുറമുഖം വഴി രാജ്യത്തേക്ക് വരുന്ന ഒരു കണ്ടെയ്‌നറിൽ ഒളിപ്പിച്ച നിലയിലായിരുന്നു അവ.

കേസിൽ തുറമുഖം വഴി രാജ്യത്തേക്ക് വരുന്ന വാഷിങ് മെഷീനുകളുടെ ഷിപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 41,990 ട്രമഡോൾ ഗുളികകളും 500 ഗ്രാം ഷാബുവും കടത്താനുള്ള ശ്രമം ബത്ത കസ്റ്റംസിന് പരാജയപ്പെടുത്താനായി.

രാജ്യത്തിനകത്ത് പിടിച്ചെടുത്ത വസ്തുക്കളുടെ സ്വീകർത്താക്കളുടെ അറസ്റ്റ് ഉറപ്പാക്കാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായി ഏകോപനം നടത്തിയതായി അതോറിറ്റി വ്യക്തമാക്കി. ഇത്തരം നിരോധിത വസ്തുക്കൾ കടത്താനുള്ള ശ്രമങ്ങൾ കുറച്ചുകൊണ്ട് സമൂഹത്തിൻ്റെ സുരക്ഷയും സംരക്ഷണവും വർദ്ധിപ്പിക്കുന്നതിനായി രാജ്യത്തിൻ്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം ശക്തമാക്കുന്നത് തുടരുകയാണെന്ന് അതോറിറ്റി ആവർത്തിച്ചു.