ബിജെപിയോട് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കായി മാറുകയാണ് സന്ദീപ് വാര്യരുടെ പാര്‍ട്ടി പ്രവേശനം. സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ഫോളോവേഴ്‌സും ബിജെപിയിലെ യുവ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വന്‍ പിന്തുണയുമുള്ള സന്ദീപ് വാര്യരുടെ വരവ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.
യാതൊരു മുന്നറിയിപ്പുമില്ലാതെയായിരുന്നു ഇന്ന് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശന പ്രഖ്യാപനം. അവസാന നിമിഷം വരെ ഇക്കാര്യം രഹസ്യമാക്കി വയ്ക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. കോണ്‍ഗ്രസിലെ മുതിര്ന്ന നേതാക്കളെ ഉള്‍പ്പെടെ നിരന്തരം ആക്ഷേപിച്ച നേതാവാണ് സന്ദീപ് വാര്യര്‍. അദ്ദേഹത്തെ കോണ്‍ഗ്രസ് പാളയത്തിലേക്കെത്തിക്കുകയും രാഹുല്‍ ഗാന്ധിയുടെ സ്‌നേഹത്തിന്റെ കട എന്ന ആശയം പറയിപ്പിക്കുകയും ചെയ്തു.
നാളെ മറ്റൊരു ബോംബ് കൂടി കോണ്‍ഗ്രസ് പൊട്ടിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് അറിയുന്നത്. സന്ദീപിനെ പിന്തുടര്‍ന്ന് ചില ബിജെപി കൗണ്‍സിലര്‍മാര്‍, മുന്‍ കൗണ്‍സിലര്‍മാര്‍, വനിതാ ഭാരവാഹികള്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിലേക്കു വരുമെന്നാണ് സൂചന. ഇതോടൊപ്പം പാലക്കാട് നഗരസഭാ ഭരണം അട്ടിമറിക്കാനുള്ള നീക്കം കോണ്‍ഗ്രസ് തുടങ്ങിക്കഴിഞ്ഞു.
പാലക്കാട്ടെ ബിജെപിയുടെ സംഘടനാ സംവിധാനം അടപടലം പൊളിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. തിരഞ്ഞെപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലുള്ള ഈ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ബിജെപിയെ ഞെട്ടിച്ചിട്ടുണ്ട്.
ബിജെപിയെ സംബന്ധിച്ചിടത്തോളം ഇത് മറികടക്കുക എളുപ്പമല്ല. സന്ദീപിനെ ആരാധിക്കുന്ന ബിജെപിയിലെ യുവ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം അപ്പാടെ ചോര്‍ത്തുന്നതാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി വിടല്‍. ശോഭാ സുരേന്ദ്രനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരുടെ അതൃപ്തി നിലനില്‍ക്കേയാണ് പുതിയ തലവേദന.





