കോഴിക്കോട്: മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെയാണെന്നാണ് സമസ്തയുടെ നിലപാടെന്ന് മുശാവറ അംഗം ഉമർ ഫൈസി മുക്കം. ഭൂമിയുടെ ആധാരത്തിൽ രണ്ടിടത്ത് വഖഫ് ഭൂമിയാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂമി മറിച്ചുവിറ്റ ഫാറൂഖ് കോളജിൽനിന്ന് നഷ്ടപരിഹാരം ഈടാക്കി അവിടെ കുടിയേറിയവരെ പുനരധിവസിപ്പിക്കണമെന്നും വഖഫ് ഭൂമി ഒഴിഞ്ഞുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുനമ്പത്തെ സമരത്തിനു പിന്നിൽ റിസോർട്ട് ലോബിയാണെന്നും ഉമർ ഫൈസി ആരോപിച്ചു.
ഇന്നലെ കോഴിക്കോട് മുതലക്കുളത്ത് നടന്ന എസ്‌കെഎസ്എസ്എഫ് ആദർശ സമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. 1948ലാണ് ഫാറൂഖ് കോളജ് ഉണ്ടായ ശേഷം ഫറോക്കിലെ പുളിയാലി കുടുംബമാണ് 28 ഏക്കർ സ്ഥലം അവിടെ വഖഫാക്കുന്നതെന്നും ആ ഭൂമിയിലാണ് കോളജ് സ്ഥിതി ചെയ്യുന്നതെന്നും ഉമർ ഫൈസി പറഞ്ഞു.
മലബാറിലെ മുസ്‌ലിംകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടുവരാൻ ബാഫഖി തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ ഇറങ്ങിയതിന്റെ ഫലമായാണ് ഫാറൂഖ് കോളജ് ഉണ്ടാകുന്നത്. കോളജിനു പലനാടുകളിലും പലരും വഖഫ് നൽകിയിട്ടുണ്ട്. ഇപ്പോൾ പ്രശ്‌നമായി നിൽക്കുന്ന ചെറായി മുനമ്പത്തെ ഭൂമി 1950ൽ സിദ്ദീഖ് സേട്ട് എന്നയാളാണ് വഖഫ് ആക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.