റിയാദ്: യെമനില്‍ ഹദ്‌റമൗത്ത് പ്രവിശ്യയിലെ സീയൂന്‍ നഗരത്തില്‍ സഖ്യസേനാ മിലിട്ടറി ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ടു സഊദി സൈനികര്‍ വീരമൃത്യുവരിച്ചു. സംഭവത്തിൽ ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു. സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികിയാണ് സംഭവം വ്യക്തമാക്കിയത്. വെള്ളിയാഴ്ച രാത്രിയാണ് ദാരുണമായ സംഭവം.
സ്‌പോര്‍ട്‌സ് പരിശീലനത്തിനിടെ സൈനികരെ ലക്ഷ്യമിട്ട് യെമന്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥനാണ് ആക്രമണം നടത്തിയത്. വീരമൃത്യുവരിച്ച സൈനികരുടെ മയ്യിത്തുകളും പരിക്കേറ്റ സൈനികനെയും സഊദിയില്‍ എത്തിച്ചിട്ടുണ്ട്.
ലെഫ്. വലീദ് അല്‍ബലവിയും സാര്‍ജന്റ് നാസിര്‍ അല്‍അതവിയുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇരുവരുടെയും മയ്യിത്തുകള്‍ യെമനില്‍ നിന്ന് തബൂക്കിലെത്തിച്ചു. തബൂക്ക് അല്‍ബാസിഇ മസ്ജിദില്‍ ഇന്ന് ദുഹ്ര്‍ നമസ്‌കാരാനന്തരം മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി മയ്യിത്തുകള്‍ ഖബറടക്കി. മുതിര്‍ന്ന സൈനിക, സിവില്‍ ഉദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും നാട്ടുകാരും ബന്ധുക്കളും അനന്തര ചടങ്ങുകളില്‍ സംബന്ധിച്ചു.
ആക്രമണത്തിന്റെ പ്രേരകങ്ങളും കാരണങ്ങളും കണ്ടെത്താനുള്ള അന്വേഷണം യെമന്‍ പ്രതിരോധ മന്ത്രാലയവുമായി ഏകോപനം നടത്തി സഖ്യസേന നിരീക്ഷിച്ചുവരികയാണ്. അക്രമിയെ പിടികൂടാനും നിയമത്തിനു മുന്നില്‍ ഹാജരാക്കാനും സഖ്യസേന സമഗ്രമായ അന്വേഷണം നടത്തുമെന്നും സഖ്യസേനാ വക്താവ് പറഞ്ഞു. സംഭവത്തിൽ ജിസിസി രാജ്യങ്ങൾ അനുശോചനം രേഖപ്പെടുത്തി.





