തിരുവനന്തപുരം: തനിക്കെതിരെ വിമർശനവുമായി രംഗത്തുവന്ന മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ആരാണെന്ന് കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത്. അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ പ്രശാന്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് കീഴിലാണ് പ്രശാന്തിന്റെ ചോദ്യം. ‘‘സഖാവ് മേഴ്സിക്കുട്ടിയമ്മക്ക് മറുപടിയുണ്ടോ ബ്രോ?’’ എന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ ‘who is that?’ എന്നായിരുന്നു മറുചോദ്യം.
താൻ ഫിഷറീസ് മന്ത്രിയായിരിക്കെ 2021 ഫെബ്രുവരിയിൽ ചെന്നിത്തലയും പ്രശാന്തും ചേർന്ന് തനിക്കും സർക്കാറിനുമെതിരെ രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നായിരുന്നു മേഴ്സിക്കുട്ടിയമ്മ നേരത്തെ ആരോപിച്ചത്. രമേശ് ചെന്നിത്തലക്കും യു.ഡി.എഫിനും വേണ്ടി വിടുപണി ചെയ്ത പ്രശാന്ത് ഐ.എ.എസ് വീണ്ടും വില്ലൻ റോളിൽ എത്തിയിരിക്കുകയാണെന്നും മേഴ്സിക്കുട്ടിയമ്മ ഫേസ്ബുക്കിൽ കുറിപ്പിൽ വിമർശിച്ചിരുന്നു.
‘പ്രശാന്ത് ഐഎഎസ് എല്ലാ സർവിസ് ചട്ടങ്ങളും സാമാന്യ മര്യാദകളും ലംഘിച്ച് പ്രവർത്തിക്കുന്നതിന്റെ വാർത്തകൾ ആണല്ലോ ഇന്ന് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. എന്നാൽ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്ന കാര്യത്തിലും പ്രശാന്ത് വില്ലന്റെ റോളിൽ പ്രവർത്തിക്കുന്നതാണ് 2021 ഫെബ്രുവമാസം കണ്ടത്. 21 ഫെബ്രുവരി മാസം കോൺഗ്രസിന്റെ രാഷ്ട്രീയ പ്രചരണ ജാഥ കൊല്ലത്ത് എത്തിയപ്പോൾ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു വെടി പൊട്ടിക്കുന്നു. 5000 കോടിയുടെ ആഴക്കടൽ ട്രോളറുകൾക്ക് ഫിഷറീസ് വകുപ്പ് അനുമതി നൽകിയെന്ന്.
വാർത്ത വിവാദമായി. പത്രപ്രതിനിധികൾ എന്നോട് ഫിഷറീസ് മന്ത്രിയെന്ന നിലയിൽ അഭിപ്രായം ആരാഞ്ഞു. ഇങ്ങനെ ഒരു സംഭവം ഇല്ലെന്നും തികച്ചും അടിസ്ഥാന രഹിതമാണ് എന്നും ഞാൻ മറുപടി നൽകി. അടുത്ത ദിവസം രമേശ് ചെന്നിത്തല ഒരു അമേരിക്കൻ മലയാളിയുമായി 5000 കോടിയുടെ എം ഒ യു ഒപ്പുവെച്ചതിന്റെ രേഖ പുറത്തുവിടുന്നു. ഒരു കാര്യം ബോധപൂർവം മറച്ചുവെച്ചുകൊണ്ട്.
രമേശ് ചെന്നിത്തല ആരോപിച്ചത് ഫിഷറീസ് വകുപ്പ് എം ഒ യു വിൽ ഒപ്പുവച്ചു എന്നാണ്. എന്നാൽ എം ഒ യു ഒപ്പു വച്ചിരിക്കുന്നത് Inland നാവിഗേഷന്റെ M.D യായ പ്രശാന്തുമായിട്ടാണ്, ഇപ്പോഴത്തെ വിവാദനായകൻ. ഇവിടെയാണ് ഗൂഢാലോചനയുടെ ചുരുളഴിയുന്നത്, ശ്രീ രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ശ്രീ പ്രശാന്ത് ഐഎഎസ് രമേശ് ചെന്നിത്തലയുമായി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് “ആഴക്കടൽ” വിൽപ്പന എന്ന ‘തിരക്കഥ’. തിരക്കഥയ്ക്ക് പിന്നിലെ ലക്ഷ്യം തീരദേശമണ്ഡലങ്ങൾ ആകെ യുഡിഎഫിന് ഉറപ്പാക്കുക എന്നതായിരുന്നു.