പത്തനംതിട്ട: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ സിപിഎമ്മിന്റെ ഫെയ്സ്ബുക്ക് പേജിൽ. പാലക്കാട് എന്ന സ്‌നേഹവിസ്മയം എന്ന കുറിപ്പോടെയായിരുന്നു സിപിഎം പത്തനംതിട്ട എന്ന പേജില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്. പേജില്‍ നിന്ന് ദൃശ്യങ്ങള്‍ രാത്രി തന്നെ ഒഴിവാക്കി.
അതേസമയം പേജ് വ്യാജമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു വിശദീകരിച്ചു. ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഉദയഭാനു വ്യക്തമാക്കി. 2013- മാര്‍ച്ച് 29ന് ആരംഭിച്ച പേജാണിത്. 63000-ത്തോളം ഫോളോവേഴ്‌സുമുണ്ട്. പത്തനംതിട്ട സിപിഎമ്മിന്റെ ഔദ്യോഗിക പേജാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതും. സിപിഎമ്മുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാത്രമാണ് വര്‍ഷങ്ങളായി പേജില്‍ പങ്കുവെക്കപ്പെടുന്നതും.
സംഭവം സിപിഎം കേന്ദ്രങ്ങളെ വലിയ തോതില്‍ അസ്വസ്ഥതപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്തിട്ടുണ്ട്. അഡ്മിന്‍ പാനല്‍ ആരാണെന്ന കൃത്യമായ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും സിപിഎം ജില്ലാ സെക്രട്ടറിയംഗമുള്‍പ്പടെയുള്ളവര്‍ പാനലിലുണ്ടെന്നാണ് വിവരം. ഔദ്യോഗികമായ ചുമതലയില്ലാത്തവര്‍ പാനലിലുണ്ടെന്നും അവര്‍ അബദ്ധവശാലോ ബോധപൂര്‍വമായോ ഇടപെട്ടിട്ടുണ്ടോ എന്നാണ് സംശയം.