കോഴിക്കോട്: മുസ്‌ലിം സംഘടനകൾ പൊതുകാര്യങ്ങളിൽ യോജിക്കാമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. മറ്റു സംഘടനകളോട് ആശയപരമായി യോജിപ്പില്ല. പക്ഷേ പൊതുകാര്യങ്ങളിൽ യോജിച്ച് പ്രവർത്തിക്കാറുണ്ട്. അത് മുൻകാല നേതാക്കൾ കാണിച്ചുതന്ന മാതൃകയാണ്.
അതേസമയം ആശയപരമായി എതിർപക്ഷത്ത് നിൽക്കുന്നവരെ പിന്തുണയ്ക്കുന്ന സമീപനം സമസ്തയുടെ ആളുകളുടെ ഭാഗത്തുനിന്ന് ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കോർഡിനേഷൻ മേഖല കമ്മറ്റി സംഘടിപ്പിച്ച ‘സമസ്ത സംഗമം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ.
ഭിന്നിപ്പിക്കുന്ന സ്വരങ്ങൾ പ്രസംഗത്തിലും പ്രവർത്തനത്തിലും ഉണ്ടാവരുതെന്നും തങ്ങൾ ഓർമിപ്പിച്ചു. പണ്ഡിതൻമാരുടെയും പ്രവർത്തകരുടെയും വാക്കുകൾ ശ്രദ്ധയോടെ വേണം. ആരെയും വേദനിപ്പിക്കുന്നതാകരുത്. ഭിന്നത ആളുകളെ വെറുപ്പിക്കും, അവർ മതത്തിൽനിന്നും സംഘടനയിൽനിന്നും അകന്നുപോകാൻ അത് കാരണമാകുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.