ഏനാത്ത്: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ ഉപദ്രവിക്കാൻ ശ്രമിച്ച് ജനൽ വഴി ചാടി കടന്നു കളയാൻ ശ്രമിച്ചയാളെ യുവതി പിന്നാലെയോടി പിടികൂടി. വ്യാഴാഴ്ച വൈകിട്ട് ഏഴോടെ അടൂരിൽനിന്ന് കൊട്ടാരക്കരയിലേക്കുള്ള കെഎസ്ആർടിസി ബസിൽ, അടൂരിനും പുതുശേരി ഭാഗത്തിനും ഇടയിൽവച്ചാണ് സംഭവം.
നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് ഏനാത്ത് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. കൊല്ലം കരിക്കോട് സ്വദേശി ഷനീറാ(42)ണു പിടിയിലായത്. യുവതി പരാതി നൽകിയില്ല. സംഭവത്തിൽ സ്ത്രീകളെ ശല്യം ചെയ്തതിന് ഏനാത്ത് പൊലീസ് കേസെടുത്തു. ഇയാളെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി.
യാത്രയ്ക്കിടയിൽ യുവാവ് ശരീരത്തിൽ സ്പർശിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചതോടെ യാത്രക്കാരിയായ യുവതി ശക്തമായി പ്രതികരിച്ചു. യുവാവ് ഇറങ്ങിയോടാൻ ശ്രമിച്ചപ്പോൾ കണ്ടക്ടർ രണ്ടു വാതിലുകളും അടച്ചു. തുടർന്ന് പുതുശേരിഭാഗം പെട്രോൾ പമ്പിനു സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് നിർത്തിയപ്പോൾ ഇയാൾ ഗ്ലാസ് ചില്ലുകളിലൊന്ന് നീക്കി പുറത്തേക്കു ചാടി ഓടി കടന്നു കളയാൻ ശ്രമിച്ചു.
തുടർന്ന് യുവതി ബസിൽ നിന്നിറങ്ങി ഇയാളുടെ പിന്നാലെ ഓടുകയും പെട്രോൾ പമ്പിനു സമീപം പിടിച്ചുനിർത്തി ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീട് ഇയാളെ നാട്ടുകാർ തടഞ്ഞു വച്ചു. ഇയാൾ മദ്യ ലഹരിയിലായിരുന്നതായി യാത്രക്കാർ പറഞ്ഞു. കൊല്ലം തലച്ചിറ സ്വദേശിയായ യുവതിക്കൊപ്പം ബന്ധുവായ മറ്റൊരു യുവതിയും ഉണ്ടായിരുന്നു. ഇവർ ഇതേ ബസിൽ യാത്ര തുടർന്നു.