വയോധികയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി ട്രെയിനിൽ ഉപേക്ഷിക്കാൻ ശ്രമിച്ച അച്ഛനും മകളും പൊലീസ് പിടിയില്‍. സേലം സ്വദേശിയായ ബാലസുബ്രഹ്മണ്യവും, പ്രായപൂര്‍ത്തിയാകാത്ത മകളുമാണ് പൊലീസ് പിടിയിലായത്. നെല്ലൂർ സ്വദേശി മന്നം രമണിയാണ് കൊല്ലപ്പെട്ടത്.
അറുപത്തിയഞ്ചുകാരിയായ രമണിയെ കൊലപ്പെടുത്തി ആഭരണങ്ങളുമായി കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അച്ഛനും മകളും പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. രമണി ധാരാളം ആഭരണങ്ങള്‍ ധരിക്കുന്നത് പതിവായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട പ്രതികള്‍ ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊല ചെയ്യുകയായിരുന്നു.
തുണികൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടപ്പാക്കിയത്. രമണി കഴുത്തില്‍ അണിഞ്ഞിരുന്ന താലിമാലയും മറ്റൊരു സ്വർണമാലയും, കമ്മലുമാണ് പ്രതികള്‍ ഊരിയെടുത്തത്. നെല്ലൂരിൽ നിന്ന് സബേർബൻ ട്രെയിനിൽ കയറിയ ബാലസുബ്രഹ്മണ്യവും മകളും ചെന്നൈയ്ക്ക് സമീപം മിഞ്ചൂരിൽ ഇറങ്ങി. ഇവിടെ ബാഗിനുള്ളിലാക്കിയ നിലയില്‍ തന്നെ മൃതദേഹം ഉപേക്ഷിച്ച് മടങ്ങാനായിരുന്നു പദ്ധതിയെങ്കിലും പാളി.
ഇരുവരുടെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ യാത്രക്കാർ റെയിൽവേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ബാഗ് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലുളള മൃതദേഹം കണ്ടെത്തിയത്. ഇതോടെ രമണിക്കെതിരെ ബാലസുബ്രഹ്മണ്യം ചില ആരോപണങ്ങള്‍ ഉന്നയിച്ചു.
തന്‍റെ മകളെ രമണി വേശ്യാവൃത്തിക്ക് നിർബന്ധിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് ബാലസുബ്രഹ്മണ്യം പൊലീസിനോട് പറഞ്ഞു. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ആഭരണങ്ങള്‍ കവരാനായിരുന്നു കൊലയെന്ന് പ്രതി സമ്മതിക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.