ആത്മഹത്യ പോഡ് ഉപയോഗിച്ച് സ്വിറ്റ്സർലാൻഡിൽ ആദ്യ ആത്മഹത്യ; സ്ത്രീയുടെ കഴുത്ത് ഞെരിച്ച നിലയിൽ, ഒരു അറസ്റ്റ്

0
1519

1985 മുതല്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ നിയമവിധേയമായി ആത്മഹത്യ ചെയ്യാനുള്ള അനുമതിയുണ്ട്

1985 മുതല്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ നിയമവിധേയമായി ആത്മഹത്യ ചെയ്യാനുള്ള അനുമതിയുണ്ട്. ‘അസിസ്റ്റഡ് സൂയിസൈഡ്’ എന്ന് അറിയപ്പെടുന്ന ഇത്തരം ആത്മഹത്യയ്ക്ക് സര്‍ക്കാര്‍ തലത്തില്‍ അനുമതി ലഭിക്കാന്‍, ആത്മഹത്യയ്ക്ക് തയ്യാറാകുന്ന രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ പറ്റാത്ത തരത്തിലുള്ള എന്തെങ്കിലും മാരകമായ രോഗമോ മറ്റോ ബാധിച്ചിരിക്കണം. അത്തരം മാരക രോഗം ബാധിച്ച രോഗികളെ ആത്മഹത്യയ്ക്ക് സഹായിക്കാനായി സ്വിറ്റസര്‍ലാന്‍റില്‍ ചില സന്നദ്ധ സംഘടനകളുടെ സഹായം പോലും ലഭിക്കും.

എന്നാല്‍, കഴിഞ്ഞ സെപ്തംബറില്‍ അത്തരത്തില്‍ ആത്മഹത്യ ചെയ്ത ഒരു സ്ത്രീയുടെ മരണത്തിലെ ദുരൂഹതയെ തുടര്‍ന്ന് ആത്മഹത്യ പോഡ് സജ്ജീകരിച്ച ഡോ.ഫ്ലോറിയൻ വില്ലറ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്വിറ്റ്സർലൻഡിൽ ആദ്യമായിട്ടാണ് കഴിഞ്ഞ സെപ്തംബര്‍ 23 ന്, 64 കാരിയായ അമേരിക്കൻ സ്ത്രീ ‘ആത്മഹത്യാ പോഡ്’ ഉപയോഗിച്ച് മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ മരണാനന്തരം അവരുടെ ശരീരം പരിശോധിച്ചപ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ രീതിയിലുള്ള പാടുകള്‍  ഫോറൻസിക് ഡോക്ടർ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

ഇത് ‘ബോധപൂര്‍വ്വമായ നരഹത്യ’യാണെന്ന് അധികൃതര്‍ സംശയിക്കുന്നു.  ദി ലാസ്റ്റ് റിസോർട്ടാണ് ഈ ആത്മഹത്യാ ഉപകരണം അവതരിപ്പിച്ചത്. സീൽ ചെയ്ത പ്രത്യേക അറയിലേക്ക് നൈട്രജൻ വാതകം കടത്തിവിട്ട് ആളുകളെ മരിക്കാന്‍ അനുവദിക്കുന്നതാണ് ആത്മഹത്യാ പോഡിന്‍റെ രീതി. തലയോട്ടിയില്‍ ഗുരുതരമായ ഓസ്റ്റിയോമൈലൈറ്റിസ് രോഗം ബാധിച്ച സ്ത്രീയായിരുന്നു ആത്മഹത്യ തെരഞ്ഞെടുത്തത്. ചില ദിവസങ്ങളിൽ ബാത്ത്റൂമിൽ പോകാനോ അനങ്ങാനോ പോലും കഴിയാത്ത കടുത്ത തലവേദനയാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവര്‍ അനുഭവിച്ച് കൊണ്ടിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാര്യമായ മരുന്നുകള്‍ ഈ രോഗത്തിന് കണ്ടെത്തിയിട്ടില്ല. അതേ തുടര്‍ന്നാണ് അവര്‍ സ്വിറ്റസര്‍ലാന്‍ഡിലെ നിയമപരമായ ആത്മഹത്യ തെരഞ്ഞെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഓസ്ട്രേലിയൻ ഡോക്ടറും ഭൗതികശാസ്ത്രജ്ഞനുമായ ഫിലിപ്പ് നിറ്റ്ഷ്കെയാണ് അവർ ഉപയോഗിച്ച ആത്മഹത്യാ പോഡ് രൂപകൽപ്പന ചെയ്തത്. ഇത് സ്വിറ്റസര്‍ലാന്‍ഡില്‍ ഉപയോഗിക്കുന്നതാകട്ടെ ദി ലാസ്റ്റ് റിസോർട്ട് എന്ന സംഘടനയും. ദി ലാസ്റ്റ് റിസോർട്ടിന്‍റെ പ്രസിഡന്‍റ് ഡോ.ഫ്ലോറിയൻ വില്ലറ്റിന്‍റെ സാന്നിധ്യത്തിലായിരുന്നു അവര്‍ ആത്മഹത്യ ശ്രമം നടത്തിയെതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീ ഉപകരണത്തിന്‍റെ ബട്ടന്‍ അമര്‍ത്തുമ്പോള്‍ താന്‍ മാത്രമാണ് ഒപ്പം ഉണ്ടായിരുന്നതെന്നും യന്ത്രം ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് അറിയാനായി താന്‍ പലതവണ അത് തുറന്നതായും ബട്ടന്‍ അമർത്തി 30 സെക്കന്‍റിന് ശേഷം അവര്‍ക്ക് ബോധം നഷ്ടപ്പെട്ടെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു.

ഏതാണ്ട് രണ്ടര മിനിറ്റിന് ശേഷം അവരുടെ ശരീരം വേദന അനുഭവിക്കുന്നതായി കണ്ടു. നൈട്രജന്‍ ഉപയോഗിച്ചുള്ള മരണങ്ങളില്‍ ഇത് സാധാരണമാണ്. ബോധം നഷ്ടമായി കുറച്ച് നേരം കഴിഞ്ഞാല്‍ മാത്രമാണ് ഹൃദയം പൂര്‍ണ്ണമായും മിടിക്കാതെയാകൂ. എന്നാല്‍, യുവതിയുടെ കഴുത്തില്‍ കണ്ടെത്തിയ പാടുകള്‍ പോലീസിൽ സംശയം ജനിപ്പിച്ചു. ഉപകരണം കൃത്യമായി പ്രവര്‍ത്തിക്കാതായപ്പോള്‍ അവരെ കഴുത്ത് ഞെരിച്ച് കൊന്നതാകാമെന്നാണ് പോലീസിന്‍റെ സംശയം. അതേസമയം ഇത് സ്ഥിരീകരിക്കാന്‍ ഔദ്യോഗിക പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളൊന്നുമില്ല. എന്നാല്‍, കഴുത്തിലെ പാടുകൾ രണ്ട് വർഷമായി അവർ അനുഭവിക്കുന്ന ഗുരുതരമായ ആരോഗ്യ അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കാമെന്ന് ഡച്ച് വാർത്താ ഏജന്‍സിയായ ഡി വോൾക്സ്ക്രാന്‍റ് റിപ്പോര്‍ട്ട് ചെയ്തു.

ബാക്ടീരിയ അല്ലെങ്കിൽ ഫംഗസ് മൂലമുണ്ടാകുന്ന അസ്ഥി മജ്ജയുടെ അണുബാധയായ ഓസ്റ്റിയോമൈലിറ്റിസാണ് സ്ത്രീയുടെ രോഗം. ഇത് കഴുത്തിൽ സമാനമായ അടയാളങ്ങൾക്ക് കാരണമായേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1985 മുതൽ 2014 വരെയുള്ള വർഷങ്ങൾക്കിടെയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 3,666 പേരാണ് അസിസ്റ്റഡ് ആത്മഹത്യ തെരഞ്ഞെടുത്തതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.