30 വർഷം നീണ്ട പുകവലി ശീലം ഉപേക്ഷിച്ചതായി ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ്. തന്റെ പിറന്നാൾ ദിനമായ ശനിയാഴ്ച, ആരാധകരുമായി നടത്തിയ ഒരു കൂടിക്കാഴ്ചയിലാണ് ഷാരൂഖ് ആ വാർത്ത പങ്കുവച്ചത്.
തനിക്കൊരു നല്ല കാര്യം അറിയിക്കാനുണ്ടെന്ന മുഖവുരയോടെ ആയിരുന്നു ഷാരൂഖിന്റെ സർപ്രൈസ്. പുകവലി നിർത്തി എന്ന് പറഞ്ഞതോടെ സദസ്സിൽ നിറഞ്ഞ കയ്യടി ഉയർന്നു. ശ്വാസം കിട്ടാത്തത് പോലുള്ള തോന്നൽ പുകവലി നിർത്തിയതിന് ശേഷം ഉണ്ടാവില്ലെന്ന് കരുതിയെങ്കിലും അതിപ്പോഴും ഉണ്ടെന്നാണ് ഷാരൂഖ് പറയുന്നത്. എന്നാൽ അത് പയ്യെ മാറിക്കോളും എന്ന ആത്മവിശ്വാസം അദ്ദേഹം പങ്കുവയ്ക്കുന്നുമുണ്ട്. എന്നാൽ പുകവലി ഉപേക്ഷിച്ചത് കൊണ്ട് താനൊരു റോൾ മോഡൽ ആകുന്നില്ലെന്നാണ് ഷാരൂഖ് പറയുന്നത്.
30 വർഷം പുകവലിച്ചത് കൊണ്ടു തന്നെ പുകവലിക്കരുത് എന്ന് നിർദേശിക്കാൻ തനിക്ക് അർഹതയില്ലെന്നും താരം കൂട്ടിച്ചേർക്കുന്നു. എല്ലാം ഓരോരുത്തരും സ്വയം തീരുമാനിക്കേണ്ടതാണെന്നാണ് ഷാരൂഖിന്റെ സമീപനം.
തന്റെ പുകവലി ശീലത്തെ കുറിച്ച് നേരത്തേ തന്നെ തുറന്നു പറഞ്ഞിട്ടുള്ളയാളാണ് ഷാരൂഖ് ഖാൻ. ഒരു കാലത്ത് ദിവസം 100 സിഗരറ്റ് വരെ വലിച്ചിരുന്നെന്നും കാപ്പികുടിയും വളരെ കൂടുതലാണെന്നും പല ഇന്റർവ്യൂകളിലും താരം വെളിപ്പെടുത്തിയിരുന്നു.