മഹാരാഷ്ട്ര മറ്റൊരു രാഷ്ട്രീയ പോരിന് തയാറെടുക്കുമ്പോൾ കാളിദാസ് കൊളംബ്കർ എന്ന ബിജെപി നേതാവിൻ്റെ ലക്ഷ്യം നിയമസഭ മാത്രമല്ല, ഗിന്നസ് റെക്കോർഡ് കൂടിയാണ്. ഇത്തവണ കൂടി ജയിച്ചാൽ ഏറ്റവുമധികം തവണ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിയെന്ന എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് കാളിദാസ് കൊളംബ്കറിന് സ്വന്തമാക്കാം. രണ്ടും മൂന്നും അല്ല തുടർച്ചയായി എട്ട് തവണയാണ് കാളിദാസ് നിയമസഭയിലെത്തിയത്.
1990 മുതൽ മഹാരാഷ്ട്രയിലെ വിവധ മണ്ഡലങ്ങളിൽ നിന്ന് തുടർച്ചയായി വിജയിച്ചുകൊണ്ടിരിക്കുകയാണ് ബിജെപി നേതാവായ കാളിദാസ് കൊളംബ്കർ. “ഞാൻ എട്ട് തവണ എംഎൽഎ ആയിരുന്നു, ഈ തെരഞ്ഞെടുപ്പിൽ ഒമ്പതാം തവണയും വിജയിച്ച് ട്രെൻഡ് തകർത്ത് ഗിന്നസ് ബുക്ക് റെക്കോർഡിൽ ഇടം നേടും,” ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെയുള്ള കാളിദാസിൻ്റെ വാക്കുകളിലെ ആത്മവിശ്വാസം ചെറുതല്ല.
തുടക്കം മുതൽക്കെ ഒരു പാർട്ടിയെ പ്രതിനിധീകരിച്ചായിരുന്നില്ല കാളിദാസ് തെരഞ്ഞെടുപ്പ് ഗോദയിലെത്തിയത്. ശിവസേനയിൽ ആരംഭം, പിന്നെ കോൺഗ്രസിലേക്ക്, അവസാനം ബിജെപിയിൽ. പാർട്ടികളും മണ്ഡലങ്ങളും മാറി മറിഞ്ഞെങ്കിലും മഹാരാഷ്ട്രയിലെ ജനങ്ങൾ കാളിദാസിനെ കൈവിട്ടില്ല.





