കുവൈത്ത് സിറ്റി: സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഇന്ത്യക്കാര്‍ ഒന്നാമത്. ഇതോടെ ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണം 537000 ഉയര്‍ന്നു. 18,464 പുതിയ തൊഴിലാളികളാണ് ഈ വര്‍ഷം രണ്ടാം പാദത്തില്‍ മാത്രമായി കുവൈത്ത് ലേബര്‍ മാര്‍ക്കറ്റിലേക്ക് എത്തിയത്.
അതേസമയം ഈജിപ്ഷ്യന്‍ തൊഴിലാളികളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. നിലവില്‍ വിദേശി തൊഴില്‍ സമൂഹത്തില്‍ 4.74 ലക്ഷവുമായി ഈജിപ്ഷ്യന്‍ തൊഴിലാളികളാണ് രണ്ടാമത്. പ്രാദേശിക തൊഴില്‍ വിപണിയില്‍ 451,595 തൊഴിലാളികളുമായി കുവൈത്ത് പൗരന്മാര്‍ നിലവില്‍ മുന്നാം സ്ഥാനത്താണ്.
തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത് ബംഗ്ലാദേശി, നേപ്പാളീസ്, പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ്, സിറിയ, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ്. അതേസമയം ബംഗ്ലാദേശി, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി.