ബഹിഷ്‌കരണത്തിന് പിന്നാലെ സ്റ്റാർബക്‌സ് വില്പനയിൽ ഇടിവ്

0
1292

വാഷിങ്ടൺ: ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതിക്ക് കൂട്ടുനിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്റ്റാർബക്‌സിനെതിരെ ആഗോളതലത്തിൽ ബഹിഷ്‌കരണാഹ്വാനം നടക്കുന്നതിനിടെ കമ്പനിക്ക് വൻ തിരിച്ചടി. ഈ വർഷം ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ആഗോളതലത്തിൽ സ്റ്റാർബക്‌സിന്റെ വിൽപന ഏഴ് ശതമാനം ഇടിഞ്ഞതായാണ് വിവരം.

തുടർച്ചയായ മൂന്നാം തവണയാണ് ഇടിവ് രേഖപ്പെടുത്തുന്നതെന്ന് മിഡിൽ ഈസ്റ്റ് മോണിറ്റർ റിപ്പോർട്ട് ചെയ്തു. വിൽപനയിലെ ഇടിവ് സ്റ്റാർബക്‌സ് ഓഹരികളെയും ബാധിച്ചു.

അതേസമയം സ്റ്റാർബക്‌സിന് ഒരു അടിസ്ഥാനപരമായ മാറ്റം ആവശ്യമാണെന്ന് പുതിയ സിഇഒ ബ്രയാൻ നിക്കോൾ പറഞ്ഞു. ഈ സാമ്പത്തിക വർഷത്തിലെ മൂന്ന് പാദങ്ങളിലും പ്രതീക്ഷിച്ചതിലും കുറഞ്ഞ പ്രകടനമാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥാപനത്തിന്റേതായ ചില സാങ്കേതിക വിഷയങ്ങളും ബാഹ്യ കാരണങ്ങളുമാണ് ഇടിവിന് ഇടയാക്കിയതെന്ന് സ്റ്റാർബക്‌സ് അധികൃതർ വ്യക്തമാക്കി. എന്നാല്‍ ഈ ബാഹ്യ വിഷയം ബഹിഷ്കരണാഹ്വാനമാണെന്ന് കമ്പനി തുറന്നുപറഞ്ഞിട്ടില്ല.

അതേസമയം നിക്ഷേപം വർധിപ്പിച്ചിരുന്നുവെന്നും എന്നാൽ ഈ ഇടിവിൽ അസ്വാഭാവികമായി ഒന്നും ഇല്ലെന്നുമാണ് ചീഫ് ഫിനാൻസ് ഓഫീസർ റേച്ചൽ റുഗ്ഗേരിയുടെ പ്രതികരണം. എന്നാല്‍ പ്രവർത്തന മികവിനായി ദീർഘകാലാടിസ്ഥാനത്തിലേക്കുള്ള പ്ലാനുകൾ നടപ്പിലാക്കാനാണ് കമ്പനിയുടെ തീരുമാനം.

ഇസ്രായേലിനെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ ആഗോള തലത്തിൽ സ്റ്റാർബക്‌സിനെതിരെ വ്യാപക ബഹിഷ്‌കരണാഹ്വാനം ഉയർന്നിരുന്നു. ഇതാണ് ഈ സാമ്പത്തിക വർഷത്തിലെ കഴിഞ്ഞ മൂന്ന് പാദങ്ങളിലെയും തിരിച്ചടിക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.