ഹിസ്ബുല്ല ആക്രമണം: ലബനാനിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 10 ഇസ്റാഈൽ സൈനികർ

0
1396

ബെയ്റൂത്ത്/​ഗസ്സ: ​ഗസ്സയിലും ലബനാനിലും വ്യോമാക്രമണവും കൂട്ടക്കുരുതിയും തുടരുന്നതിനിടെ ഇസ്രായേലിന് വീണ്ടും തിരിച്ചടി. ലബനാനിൽ ഹിസ്ബുല്ല ആക്രമണത്തിൽ അഞ്ച് സൈനികർ കൂടി കൊല്ലപ്പെട്ടു.

ഇതോടെ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം പത്തായി. തെക്കൻ ലബനാനിൽ ഹിസ്ബുല്ല ആക്രമണത്തിൽ പത്ത് സൈനികർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.

മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇത്രയും സൈനികർ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച തെക്കൻ ലബനാനിലെ ഗ്രൗണ്ട് ഓപറേഷനു വേണ്ടി ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനിടെ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ച് സൈനികരുടെ പേരുകൾ നേരത്തെ ഐഡിഎഫ് പുറത്തുവിട്ടിരുന്നു.

റിസർവ് സൈനികരായ മേജർ ഡാൻ മാവോറി (43), ക്യാപ്റ്റൻ അലോൻ സഫ്രായ് (28), വാറന്റ് ഓഫീസർമാരായ ഒംരി ലോതൻ (47), ​ഗയ് ഇദാൻ (51), മാസ്റ്റർ സർജന്റ് ടോം സെ​ഗൽ (28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിൽ 19 പേർക്ക് പരിക്കേറ്റു. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്.

മറ്റ് രണ്ടിടങ്ങളിൽ നടന്ന ആക്രമണത്തിലാണ് അഞ്ച് പേർ കൂടി കൊല്ലപ്പെട്ടത്. ഐഡിഎഫിന്റെ പർദെസ് ഹന്ന-കർക്കൂറിൽ നിന്നുള്ള ഒകെറ്റ്സ് കെ9 സ്പെഷ്യൽ യൂണിറ്റിലെ കമാൻഡറായ ഫസ്റ്റ് ക്ലാസ് സെർജന്റ് ഗൈ ബെൻ ഹറൂഷ് ആണ് വ്യാഴാഴ്ച കൊല്ലപ്പെട്ടവരിൽ ആറാമൻ.

ഇതേ ആക്രമണത്തിൽ മറ്റൊരു സൈനികന് ഗുരുതരമായി പരിക്കേറ്റു. ഇതു കൂടാതെ, തെക്കൻ ലബനാനിൽ നടന്ന മറ്റൊരു ആക്രമണത്തിൽ രണ്ടാം കാർമേലി ബ്രിഗേഡിലെ 222-ാം ബറ്റാലിയനിലെ നാല് സൈനികർ കൂടി കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും ഐഡിഎഫ് വക്താവ് അറിയിച്ചു.

റിസർവ് ഉദ്യോ​ഗസ്ഥരായ ചീഫ് വാറൻ്റ് ഓഫീസർ മൊർദെചൈ ഹൈം അമോയൽ, വാറൻ്റ് ഓഫീസർ ഷ്മുവൽ ഹരാരി, സ്റ്റാഫ് സർജന്റ് മേജർ ഷ്ലോമോ അവിയാഡ് നെയ്മാൻ, സർജൻ്റ് മേജർ ഷുവേൽ ബെൻ നടാൽ എന്നിവരാണ് കൊല്ലപ്പെട്ട മറ്റു നാല് സൈനികർ.

ഒരു ഭൂഗർഭ അറയിൽനിന്ന് പുറത്തുകടന്ന് വെടിയുതിർക്കുകയും ഗ്രനേഡുകൾ എറിയുകയും ചെയ്താണ് ഹിസ്ബുല്ല സംഘം ഈ നാലു സൈനികരെ കൊലപ്പെടുത്തിയത്. സൈനികരുടെ മരണത്തിൽ രാജ്യം മുഴുവൻ ദുഖിക്കുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ഇസ്രായേലിനു നേരെ ആക്രമണം കടുപ്പിക്കുമെന്ന് ഹിസ്ബുല്ല അറിയിച്ചതിനു പിന്നാലെയാണ് കൊല്ലപ്പെടുന്ന ഐഡിഎഫ് സേനാം​ഗങ്ങളുടെ എണ്ണം വർധിക്കുന്നത്.

ഇതു കൂടാതെ, ഗസ്സയിൽ ജബാലിയയിൽ ഇസ്രായേൽ സൈനിക വാഹനങ്ങൾക്കു നേരെ ഹമാസിന്റെ സൈനികവിഭാഗമായ അൽഖസ്സാം ബ്രിഗേഡ്‌സ് നടത്തിയ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. നിരവധി സൈനികർക്ക് പരിക്കേറ്റു. 460ാം ആംഡ് ബ്രിഗേഡിന്റെ 196ാം ബറ്റാലിയനിലെ ക്യാപ്റ്റൻ ബറാക് ഇസ്രായേൽ സാഗൻ (22), സർജന്റ് ഇദോ ബെൻ സ്വി (21), സർജന്റ് ഹിലേൽ ഒവാഡിയ (22) എന്നിവരാണ് കൊല്ലപ്പെട്ടത്.

സാഗൻ കമാൻഡറും ബെൻ സ്വിയും ഒവാഡിയയും കേഡറ്റുകളുമായിരുന്നു. വടക്കൻ ഗസ്സയിലെ ജബാലിയയിൽ ഇന്ന് പുലർച്ചെ ഇവർ സഞ്ചരിച്ചിരുന്ന ടാങ്കിന് നേരെ നടന്ന ബോംബാക്രമണത്തിലാണ് മൂവരും കൊല്ലപ്പെട്ടത്.