ഡീസലിന് 25 രൂപ കൂട്ടി; പെട്രോളിന് 7.4 രൂപയുടെ വര്‍ധനവ്; നയാരയ്ക്ക് പിന്നാലെ ഷെല്‍ ഇന്ത്യയും

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച് സ്വകാര്യ എണ്ണ വിതരണ കമ്പനിയായ ഷെല്‍ ഇന്ത്യ. പെട്രോളിന്  7.41 രൂപയാണ് ലിറ്ററിന് വര്‍ധിപ്പിച്ചത്. ഡീസലിന് 25.01 രൂപയുടെ വര്‍ധനയുണ്ട്. പുതുക്കിയ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തിലായി. രാജ്യാന്തര വില കുത്തനെ കൂടിയതോടെയാണ് നയാരയ്ക്ക് പിന്നാലെ ഷെല്‍ ഇന്ത്യയും വില വര്‍ധിപ്പിച്ചത്. 

വില വര്‍ധനയോടെ ബെംഗളൂരുവില്‍ 119.85 രൂപയാണ് പെട്രോള്‍ വില. പ്രീമിയം വിഭാഗത്തിന് 129.85 രൂപയിലെത്തി. സാധാരണ ഡീസലിന് 123.52 രൂപയും പ്രീമിയത്തിന് 133.52 രൂപയും നല്‍കണം. സംസ്ഥാനങ്ങളില്‍ പ്രാദേശിക നികുതി അനുസരിച്ച് വിലയില്‍ വ്യത്യാസം വരും. ബ്രിട്ടീഷ് ഓയില്‍ കമ്പനിയായ ഷെൽ പിഎൽസിയുടെ ഇന്ത്യന്‍ സബ്സിഡിയറിയാണ് ഷെൽ ഇന്ത്യ. 

ക്രൂഡ് ഓയിൽ വില വർധിച്ചിട്ടും രാജ്യത്തെ പൊതുമേഖലാ കമ്പനികൾ വിലയിൽ മാറ്റം വരുത്തിയിരുന്നില്ല. എന്നാല്‍ വില വര്‍ധനവില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കാത്തതിനാല്‍ സ്വകാര്യ ഓയില്‍ റീട്ടെയില്‍ കമ്പനികള്‍ സമ്മർദ്ദത്തിലാണ്. ഇതിനു പിന്നാലെയാണ് രണ്ടു സ്വകാര്യ കമ്പനികള്‍ രാജ്യാന്തര വിലയിലെ വര്‍ധനവ് ഉപഭോക്താക്കളിലേക്ക് കൈമാറാൻ തീരുമാനിച്ചത്. 

ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ നില്‍ക്കുന്നതാണ് വില വര്‍ധനവിലേക്ക് നയിച്ചത്. രാജ്യാന്തര വില ഉയരുകയാണെങ്കില്‍ ഡീസൽ വില ഇനിയും ഉയർന്ന് ലിറ്ററിന് 148-165 രൂപയിലെത്തുമെന്നാണ് വിവരം. യുഎസ്, ജർമനി, ഫ്രാൻസ്, പാക്കിസ്ഥാൻ തുടങ്ങി നിരവധി രാജ്യങ്ങളില്‍ ഇതിനോടകം ഇന്ധന വില വര്‍ധിച്ചിട്ടുണ്ട്. 

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണവിതരണക്കമ്പനിയായ നയാര എനർജി കഴിഞ്ഞാഴ്ച പെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടിയിരുന്നു. പെട്രോൾ ലിറ്ററിന് 5.30 രൂപയും ഡീസൽ 3 രൂപയുമാണ് കൂട്ടിയത്. റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന് ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് നയാര. ഇന്ത്യയിൽ 7,000ഓളം പെട്രോൾ പമ്പുകൾ നയാരയ്ക്കുണ്ട്. നേരത്തെ പൊതുമേഖലാ എണ്ണ കമ്പനികള്‍ പ്രീമിയം പെട്രോളിന് വില വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ പ്രീമിയം പെട്രോള്‍ XP100 ന് ലിറ്ററിന് 160 രൂപയാണ് ഡല്‍ഹിയിലെ വില.