ജിദ്ദ: ശനിയാഴ്ച വരെ സഊദിയുടെ വിവിധ ഭാഗങ്ങളിൽ മഴയും ഇടിമിന്നലും തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും താഴ്വരകളിലും താമസിക്കുന്നവർ സ്വന്തം സുരക്ഷ ഉറപ്പുവരുത്തണമെന്നും ജലാശയങ്ങളിൽ നീന്തൽ ഒഴിവാക്കണമെന്നും നിർദേശത്തിലുണ്ട്.
മക്ക മേഖലയിൽ ഇടത്തരവും കനത്തതുമായ മഴക്കും ഇടിമിന്നലിനുമാണ് സാധ്യത. പൊടിക്കാറ്റും വീശിയേക്കാം. തായ്ഫ്, മെയ്സാൻ, അദം, അൽ ലൈസ്, അൽ അർദിയാത്ത്, ജിദ്ദ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലും സമാന കാലാവസ്ഥ ആയിരിക്കും. റിയാദിലും പരിസര പ്രദേശങ്ങളിലും നേരിയതോ ശക്തമായതോ ആയ മഴ ലഭിക്കും.
കിഴക്കൻ പ്രവിശ്യ, നജ്റാൻ, അൽ ബാഹ, അസീർ, ജിസാൻ, നജ്റാൻ, അൽ ഖസീം, ഹാഇൽ, അൽ ജൗഫ്, മദീന, തബൂക്ക്, വാദി ദവാസിർ തുടങ്ങിയ പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴയും തബൂക്കിൽ നേരിയ മഴയും വരും ദിവസങ്ങളിൽ അനുഭവപ്പെടും.