Tuesday, 17 June - 2025

വീടിന് തീപിടിച്ചു; 16 കാരന് ദാരുണാന്ത്യം നാല് പേർക്ക് പരിക്കേറ്റു

ന്യൂഡൽഹി: ഡൽഹി കിഷൻ​ഗഡിൽ വീടിന് തീപിടിച്ചതിനെ തുടർന്ന് 16കാരൻ മരിച്ചു. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. ആകാശ് മണ്ഡൽ (16) ആണ് മരിച്ചത്. അമ്മ അനിത മണ്ഡൽ (40), അച്ഛൻ ലക്ഷ്മി മണ്ഡൽ (42), സഹോദരങ്ങളായ ദീപക് മണ്ഡൽ ( 20), സണ്ണി മണ്ഡൽ (22) എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കിഷൻഗഡിലെ ഷാനി ബസാർ റോഡിലുള്ള നന്ദ് ലാൽ ഭവനിന്റെ നാലാം നിലയിലുള്ള ഫ്ലാറ്റിലായിരുന്നു തീപിടുത്തമുണ്ടായത്. ലക്ഷ്മി മണ്ഡലും കുടുംബവും വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. വിവരം ലഭിച്ച ഉടനെ കിഷൻ​ഗഡിലെ സ്റ്റേഷൻ ഹൗസ് ഓഫീസറും സംഘവും സംഭവസ്ഥലത്തെത്തി തീയണച്ചു. തുടർന്ന് ഫോറൻസിക് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി

ഗ്യാസ് സിലിണ്ടറിൽ നിന്നുള്ള ചോർച്ച മൂലമാണ് തീപിടുത്തമുണ്ടായതെന്ന് ആദ്യം സംശയിച്ചിരുന്നെങ്കിലും സിലിണ്ടർ സുരക്ഷിതമാണെന്നും തീപിടിക്കാനുള്ള കാരണം ഇതുവരെ വ്യക്തമല്ലെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സുരേന്ദ്ര ചൗധരി പറഞ്ഞു.

ലക്ഷ്മി, അനിത, ദീപക് എന്നിവരെ സഫ്ദർജംഗ് ആശുപത്രിയിലും ​ഗുരുതരമായി പരിക്കേറ്റ സണ്ണിയെ എയിംസ് ട്രോമ സെൻ്ററിലും പ്രവേശിപ്പിച്ചു. തീപിടുത്തത്തിൻ്റെ കാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Most Popular

error: