ജീവിതരീതി ഇഷ്ടപ്പെട്ടില്ല; അമ്മയുടേയും സഹോദരിയുടേയും മറ്റു 2 സ്ത്രീകളുടേയും കഴുത്തറുത്ത് യുവാവ്

0
1858

കുടുംബത്തിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തോടെയുളള ജീവിതശൈലി ഇഷ്ടപ്പെട്ടില്ലെന്ന കാരണത്താല്‍ 4 പേരെ കൊലപ്പെടുത്തി യുവാവ്. പാകിസ്താനിലെ കറാച്ചിയിലാണ് ദാരുണ സംഭവം. അമ്മ, സഹോദരി, മരുമകള്‍, ചേട്ടത്തി അമ്മ, എന്നിവരെയാണ് ഇയാള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

സ്വാതന്ത്ര്യത്തോടെയുളള ജീവിതരീതിയും സോഷ്യല്‍മീഡിയ ഉപയോഗവുമാണ് ഈ യുവാവിനെ കുടുംബത്തിലെ സ്ത്രീകളെ ഇല്ലാതാക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതി ബിലാല്‍ അഹമ്മദ് റിമാന്‍ഡിലാണ്. അമ്മയുടെയും സഹോദരിയുടേയുമുള്‍പ്പെടെ കഴുത്തു മുറിച്ച് കൊലപ്പെടുത്തിയതായി പ്രതി കോടതിയില്‍ സമ്മതിച്ചു. തന്നിഷ്ടപ്രകാരമുള്ള ജീവിതരീതിയാണെന്നും യാഥാസ്ഥിതിക വാദിയായ തനിയ്ക്ക് അതൊന്നും ഇഷ്ടമല്ലെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.

നാലുപേരും സോഷ്യല്‍മീഡിയ ഉപയോഗിച്ചിരുന്നതായും അതും കൊലയ്ക്ക് കാരണമായിരുന്നുവെന്നുമാണ് ഇയാള്‍ പറയുന്നത്. കൂടാതെ തന്റെ വിവാഹജീവിതം നശിപ്പിച്ചത് ഇവരാണെന്നും യുവാവ് കുറ്റപ്പെടുത്തുന്നു. 

അതേസമയം ബിലാല്‍ മാനസിക വിഭ്രാന്തിയുള്ള വ്യക്തിയാണെന്നും കടുത്ത യാഥാസ്ഥിതിക വാദിയാണെന്നും പൊലീസ് ഓഫീസര്‍ ഷൗക്കത്ത് അവാന്‍ പറഞ്ഞു. പഴയ സോള്‍ജിയര്‍ ബസാര്‍ മേഖലയിലെ അപാര്‍ട്ട്മെന്റില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് നാലുപേരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഈ നാലു സ്ത്രീകളുമായും ബിലാല്‍ നിരന്തരം വഴക്കിടാറുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.  ഇവരുടെ ജീവിതരീതി കാരണം ബിലാലിന്റെ ഭാര്യ വീട് വിട്ടുപോയെന്നാണ് ഈ യുവാവ് പറയുന്നത്. 

സഹോദരി സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നതും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും ബിലാലിന് ഇഷ്ടമായിരുന്നില്ല. സഹോദരിയെ പാഠം പഠിപ്പിക്കാനുദ്ദേശിച്ചാണ് കൊലപ്പെടുത്തിയതെന്നും എന്നാല്‍ പിന്നീട് ദൃക്സാക്ഷികള്‍ ഉണ്ടാവരുതെന്ന് കരുതിയാണ് ബാക്കിയുള്ളവരെ കൊലപ്പെടുത്തിയതെന്നും യുവാവ് പൊലീസിനോട് വ്യക്തമാക്കി.