കൊച്ചി എസ് എച്ച് കോളേജിലെ ജേണലിസം വിദ്യാർത്ഥിയായ ശ്രീഹരി രാജേഷ് കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് സേലത്തേക്ക് അത്തരത്തിലൊരു യാത്ര നടത്തിയത്. യാത്രയുടെ വിശേഷങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് വെറും ആറു ദിവസം കൊണ്ട് 7.8 മില്യൺ ആളുകളാണ് വിഡിയോ കണ്ടത്.
‘800 രൂപയ്ക്ക് ഒരു ഫ്ലൈറ്റ് യാത്ര’ എന്ന അടിക്കുറിപ്പോടെ ആയിരുന്നു ശ്രീഹരി റീൽ പങ്കുവച്ചത്. ഈ പറയുന്നത് സത്യമാണോ എന്നറിയാൻ ഒന്ന് ഓൺലൈനിൽ ടിക്കറ്റ് നിരക്ക് ചെക്ക് ചെയ്തു. 1050 രൂപയുടെ ടിക്കറ്റിന് ഡിസ്കൗണ്ട് കഴിഞ്ഞ് വെറും 770 രൂപ! ഇത്രയും ചെലവു കുറഞ്ഞ് സേലത്ത് എത്തിയിട്ട് എന്ത് കാണാനാണ് എന്ന് ചോദിക്കുന്നവർക്കും ശ്രീഹരി വിഡിയോയിൽ ഉത്തരം നൽകുന്നുണ്ട്. സേലത്ത് നിന്ന് ബസ്സിൽ യേർക്കാട് എന്ന മനോഹരമായ സ്ഥലത്തേക്ക് പോകാമെന്നാണ് അതിനുത്തരം.
മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ കൊച്ചിയിൽ നിന്ന് സേലത്തേക്ക് 770 രൂപയ്ക്ക് വിമാനടിക്കറ്റ് ലഭിക്കും. സേലത്ത് ചെന്നിറങ്ങിയാൽ ബസ് കയറി ഒരു മണിക്കൂർ യാത്ര ചെയ്താൽ യേർക്കാടിൽ എത്താം. വളരെ മനോഹരമായ പ്രകൃതിരമണീയമായ ഒരു സ്ഥലമാണ് ഇത്.
സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1500 മീറ്റർ ഉയരത്തിലാണ് യേർക്കാട് എന്ന ഹിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. കാപ്പിത്തോട്ടങ്ങളും ഓറഞ്ച് തോട്ടങ്ങളുമാണ് യേർക്കാടിന്റെ പ്രത്യേകത. പൂർവഘട്ടത്തിലെ സെർവരയൻ മലനിരകളിലാണ് യേർക്കാട് സ്ഥിതി ചെയ്യുന്നത്. പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന യേർക്കാട് ഇന്ത്യയിലെ ചെലവ് കുറഞ്ഞ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ്. സഞ്ചാരികളുടെ വലിയ തിരക്കോ കച്ചവടക്കാരുടെ വലിയ ബഹളങ്ങളോ ഇല്ലാത്തതിനാൽ തന്നെ ശാന്തമായ ഒരു യാത്ര ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി യേർക്കാടിലേക്ക് വരാം.
ലേഡീസ് സീറ്റ് വ്യൂ പോയിന്റ് ആണ് പ്രധാനപ്പെട്ട ആകർഷണങ്ങളിൽ ഒന്ന്. ഇവിടെ നിന്ന് താഴ് വരയിൽ സേലം നഗരവും മേട്ടൂർ ഡാമും കാണാം. ബൊട്ടാണിക്കൽ ഗാർഡൻ, യേർക്കാട് തടാകത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരെയുള്ള കിള്ളിയുർ വെള്ളച്ചാട്ടം, ഷെവരയൻ ക്ഷേത്രം, പഗോഡ പോയിന്റ്, സിൽക് ഫാം ആൻഡ് റോസ് ഗാർഡൻ എന്നിവയാണ് യേർക്കാടിലെ മറ്റ് പ്രധാന വിനോദസഞ്ചാര ആകർഷണങ്ങൾ.
സര്‍ക്കാര്‍ അനുവദിക്കുന്ന തിരിച്ചറിയല്‍ രേഖകളായ വോട്ടർ ഐഡി,പാസ്പോർട്ട്, ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, കേന്ദ്രഗവൺമെന്റിന്റെ / പ്രൈവൈറ്റ് കമ്പനികളുടെ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ്, വിദ്യാർഥികൾക്ക് അവർ പഠിക്കുന്ന സ്ഥാപനത്തിലെ ഐഡികാർഡുകൾ, നാഷണലൈസ്ഡ് ബാങ്കിങ് പാസ്ബുക്ക്, പെൻഷൻ കാർഡ്, ഡിസെബിലിറ്റി കാർഡ് ഇങ്ങനെ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് ഇന്ത്യയിൽ വിമാന യാത്ര ചെയ്യാം. പാസ്പോർട്ട് തന്നെ വേണമെന്ന് നിർബന്ധമില്ല.