സരിനു പിന്നാലെ കോൺഗ്രസിനു പുതിയ തലവേദന; പാർട്ടി വിട്ട ഷാനിബും പാലക്കാട്ട് മത്സരിക്കും

0
1173

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയാണ്

പാലക്കാട്: സരിനു പിന്നാലെ കോൺഗ്രസ് വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ. ഷാനിബും പാലക്കാട്ട് മത്സരിക്കും. വി.ഡി. സതീശന്റേയും  ഷാഫി പറമ്പിലിന്റേയും ഏകാധിപത്യ നിലപാടുകൾക്കെതിരെയാണ് തന്റെ മത്സരമെന്നാണ് ഷാനിബ് പറയുന്നത്.

നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ ഷാനിബിനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഇതോടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ട് കോൺഗ്രസുകാർ തന്നെ മത്സരത്തിനിറങ്ങുന്നത് കോൺഗ്രസിനു തലവേദനയാവുകയാണ്. ഷാനിബും സരിനും പാലക്കാട് ജില്ലക്കാരുമാണ്. കോൺഗ്രസിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് ഷാനിബ് പാർട്ടി വിട്ടത്. 

പാലക്കാട് – വടകര- ആറന്മുള കരാർ കോൺഗ്രസും ആർഎസ്എസും തമ്മിലുണ്ടെന്നും ഈ കരാറിന്റെ രക്തസാക്ഷിയാണ് മുരളീധരൻ എന്നുമായിരുന്നു ഷാനിബിന്റെ ആരോപണം. കരാറിന്റെ ഭാഗമായാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നത്. ആറന്മുളയിൽ അടുത്ത തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കും. തുടർ ഭരണം സിപിഎം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്നും ഷാനിബ് ആരോപിച്ചിരുന്നു.

പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ ആണ് ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവിന് ധാർഷ്ട്യമാണെന്ന് ഷാനിബ് ആരോപിച്ചു. പക്വതയില്ലാത്ത നേതാവാണ് സതീശൻ. വി.ഡി.സതീശനും ഷാഫി പറമ്പിലും പാർട്ടിയെ ഹൈജാക്ക് ചെയ്യുകയാണ്. നാലു വർഷമായി താൻ പാർട്ടിയുടെ ഭാഗമല്ലെന്ന് വി.ഡി.സതീശൻ പറയുന്നത് കള്ളമാണ്.

ബിജെപിയെ സഹായിക്കാനാണ് സതീശന്റെ ശ്രമമെന്നും പാർട്ടി പ്രവർത്തകരുടെ വാക്കു കേൾക്കുന്നില്ലെന്നും ഷാനിബ് ആരോപിച്ചു. പാർട്ടിക്കുള്ളിലെ പ്രാണികൾക്കും പുഴുക്കൾക്കുമായി പോരാടും. മറ്റ് പാർട്ടികളുമായി ചർച്ച നടത്തിയിട്ടില്ലെന്നും ഷാനിബ് പറഞ്ഞു.