ദുബൈ: ബെയ്റൂത്ത് ഉൾപ്പെടെ ലബനാന്‍റെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ ആക്രമണം വ്യാപിപ്പിച്ചു. തെക്കൻ മേഖലയിലെ മുനിസിപ്പാലിറ്റി കെട്ടിടത്തിൽ ബോംബിട്ട് മേയറടക്കം ആറുപേരെ ഇസ്രായേൽ വധിച്ചു. നബ്തിയയിൽ അടിയന്തര സഹായവിതരണം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത മുനിസിപ്പൽ കൗൺസിൽ യോഗത്തിനുമേൽ നടന്ന വ്യോമാക്രമണത്തിലാണ് മേയർ അഹ്മദ് കാഹിയും മറ്റ് അഞ്ചുപേരും കൊല്ലപ്പെട്ടത്. 43 പേർക്ക് പരിക്കേറ്റു.
നബ്തിയയുടെ പരിസരങ്ങളിലുടനീളം നടന്ന കനത്ത വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഗസ്സയിലും ആക്രമണം വ്യാപകമാണ്. ആറിടങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 65 പേരാണ് കൊല്ലപ്പെട്ടത്. 140 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഉപരോധം തുടരുന്ന വടക്കൻ ഗസ്സയിൽ സ്ഥിതി അതീവ ഗുരുതരമാണെന്ന് യു.എൻ ഏജൻസികൾ വ്യക്തമാക്കി. പ്രദേശത്തെ മൂന്ന് ആശുപത്രികളിലെയും സ്ഥിതി ദുരന്തപൂർണമാണ്. കമാൽ അദ്‍വാൻ, അൽഔദ, ഇന്തോനേഷ്യൻ ആശുപത്രികളിലായി നൂറുകണക്കിന് രോഗികളാണ് ആവശ്യമായ ചികിത്സയും അടിയന്തര സേവനങ്ങളും ലഭിക്കാതെ നരകിക്കുന്നത്.
രാത്രി ചേർന്ന യു.എൻ രക്ഷാസമിതി യോഗം ഗസ്സയിലെയും ലബനാനിലെയും സ്ഥിതിഗതികളിൽ അതീവ ആശങ്ക രേഖപ്പെടുത്തി. ഗസ്സയിൽ ജനങ്ങളെ പട്ടിണിക്കിടാനുള്ള ഇസ്രായേൽ നീക്കത്തോട് യോജിപ്പില്ലെന്ന് രക്ഷാസമിതിയിൽ അമേരിക്ക വ്യക്തമാക്കി. സമാധാന സേനയെ ലബനാനിൽനിന്ന് പിൻവലിക്കണമെന്ന ഇസ്രായേൽ ആവശ്യം യു.എൻ തള്ളി.
