‘അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെ’, ബ്രിട്ടനിൽ നടപ്പാതയിലുണ്ടായിരുന്നവരെ കാറിടിച്ച് തെറിപ്പിച്ച മലയാളി റിമാൻഡിൽ

0
4
  • നഗരത്തിലെ ഫ്രിറാർ ഗേറ്റിനെ സമീപത്തെ പബ്ബിന് പുറത്ത് വച്ചാണ് മലയാളി കൂടിയായ സന്ധു പൊന്നച്ചന്റെ കാർ നിരവധിപ്പേരെ ഇടിച്ച് തെറിപ്പിച്ചത്

ഡെർബി: നടപ്പാതയിലൂടെ പോയിരുന്നവരെ ഇടിച്ച് തെറിപ്പിച്ച മലയാളി യുവാവിനെ ബ്രിട്ടനിലെ ഡെർബി കോടതിയിൽ ഹാജരാക്കി. മലയാളിയും 36കാരനുമായ സന്ധു പൊന്നച്ചൻ ഓടിച്ചിരുന്ന സ്വിഫ്റ്റ് കാർ ശനിയാഴ്ചയാണ് ഡെർബിയിൽ നടപ്പാതയിലൂടെ പോയിരുന്നവരെ ഇടിച്ച് തെറിപ്പിച്ചത്. കോടതിയിൽ തന്റെ പേരും വിവരവും മാത്രമാണ് സന്ധു പൊന്നച്ചൻ വിശദമാക്കിയത്.

അപകടത്തേക്കുറിച്ചോ മറ്റ് വിവരങ്ങളേക്കുറിച്ചോ സന്ധു പൊന്നച്ചൻ കോടതിയിൽ സംസാരിച്ചില്ല. ഡെർബിയിലെ അൽവാസ്റ്റണിൽ താമസിച്ചിരുന്ന സന്ധു പൊന്നച്ചനെതിരെ വധശ്രമം ലക്ഷ്യമിട്ടുള്ള ആറ് ഗുരുതരമായ ശാരീരിക ഉപദ്രവങ്ങൾ, ഒരു വധശ്രമത്തിനുള്ള ശ്രമം, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ, മൂർച്ചയുള്ള ആയുധം കൈവശം വെക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സന്ധു പൊന്നച്ചനെ കോടതി റിമാൻഡ് ചെയ്തു. ഏപ്രിൽ 29 നാണ് ഇയാളെ ഡെർബി ക്രൌൺ കോടതിയിൽ ഹാജരാക്കുക. അപകട സമയത്ത് കാർ ഓടിച്ചിരുന്നത് താനായിരുന്നുവെന്ന് സന്ധു പൊന്നച്ചൻ കോടതിയിൽ വിശദമാക്കി.

ശനിയാഴ്ച രാത്രിയായിരുന്നു കാൽനടക്കാരായ ഏഴ് പേരെയാണ് സന്ധു പൊന്നച്ചന്റെ കറുത്ത നിറത്തിലെ സ്വിഫ്റ്റ് കാർ ഇടിച്ച് തെറിപ്പിച്ചത്. ഇയാളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ പരിക്കേറ്റ 36നും 52നും ഇടയിൽ പ്രായമുള്ള നാല് പുരുഷന്മാർക്കും മൂന്ന് സ്ത്രീകൾക്കും ഗുരുതരമായ പരിക്കുകളുണ്ടെങ്കിലും ആരുടെയും നില നിലവിൽ ജീവന് ഭീഷണിയുള്ളതല്ല. മൂന്ന് പേരെ ഇതിനകം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാത്രിയുണ്ടായ സംഭവം ഡെർബിയിലെ ജനങ്ങൾക്കിടയിൽ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.

നഗരത്തിലെ ഫ്രിറാർ ഗേറ്റിനെ സമീപത്തെ പബ്ബിന് പുറത്ത് വച്ചാണ് മലയാളി കൂടിയായ സന്ധു പൊന്നച്ചന്റെ കാർ നിരവധിപ്പേരെ ഇടിച്ച് തെറിപ്പിച്ചത്. അപകടം നടന്ന് ഏഴ് മിനിറ്റിനുള്ളിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡെർബിഷെയർ പൊലീസുമായി സഹകരിച്ച് പ്രവർത്തിച്ചുവരികയാണെന്നും കോടതിയിൽ കേസ് അവതരിപ്പിക്കാൻ ആവശ്യമായ മതിയായ തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ക്രൗൺ പ്രോസിക്യൂഷൻ സർവീസിലെ ജാനൈൻ മക്കിന്നി പറഞ്ഞു. ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകുന്നത് പൊതുതാൽപ്പര്യമുള്ള കാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

സംഭവത്തിന് ശേഷം വധശ്രമത്തിന് അറസ്റ്റ് ചെയ്ത പ്രതിയെ ചൊവ്വാഴ്ച രാത്രി കുറ്റം ചുമത്തുന്നതുവരെ ചോദ്യം ചെയ്യുന്നതിനായി തടങ്കലിൽ വെച്ചിരിക്കുകയായിരുന്നു. ഇതൊരു ഭീകരവാദ പ്രവർത്തനമല്ലെന്നും പൊതുജനങ്ങൾക്ക് നിലവിൽ മറ്റ് ഭീഷണികളൊന്നുമില്ലെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആശ്രിത വിസയിൽ ബ്രിട്ടനിലെത്തിയ 36കാരൻ വിവാഹമോചനത്തിന് ശേഷം തനിച്ചായിരുന്നു താമസമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.