പട്ന: പാമ്പ് പ്രദർശനത്തിനിടെ ബാലൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ പാമ്പാട്ടിക്ക് പത്തു വർഷം തടവും 10,000 രൂപ പിഴയും വിധിച്ച് ഭാഗൽപുർ കോടതി. 2011 ഓഗസ്റ്റ് 24-ന് ഭാഗൽപുരിലെ പീർപെയിന്റി ബസാറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രദർശനം കാണാനെത്തിയ ബാലന്റെ കഴുത്തിൽ പാമ്പാട്ടി മുഹമ്മദ് ഷംസുലിൻ പാമ്പിനെ ചുറ്റിയിട്ടശേഷം മകുടി ഊതിയപ്പോഴാണ് കടിയേറ്റത്.
പതിനഞ്ച് വയസുണ്ടായിരുന്ന ദിവാകർ കുമാറാണ് മരിച്ചത്. ദിവാകറിന്റെ കഴുത്തിൽ ചുറ്റിയിരുന്ന പാമ്പ് പെട്ടെന്ന് വലതു കയ്യിൽ കടിക്കുകയായിരുന്നു. ബോധരഹിതനായി നിലത്തു വീണ ബാലനെ രക്ഷിക്കാൻ പാമ്പാട്ടി ചില മന്ത്രപ്രയോഗങ്ങളും നടത്തിയിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ജയിലിലാക്കി.





