പി.വി.അൻവറിന് നിയമസഭയിലെ സീറ്റ് മാറ്റി നൽകില്ല. സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചതിനെ തുടർന്ന് പി.വി.അൻവർ എംഎൽഎയുടെ നിയമസഭയിലെ ഇരിപ്പിടം ഭരണപക്ഷനിരയിൽ നിന്നു മാറ്റിയിരുന്നു. യുഡിഎഫിലെ മുസ്‌ലിം ലീഗ് അംഗം നജീബ് കാന്തപുരത്തിനു സമീപത്താണ് അൻവറിനു സീറ്റ് നൽകിയത്.
സ്പീക്കർ അനുവദിച്ച സീറ്റിൽ തന്നെ അന്‍വറിന് ഇരിക്കേണ്ടിവരും. സ്വതന്ത്ര എംഎൽഎയ്ക്ക് ഇഷ്ടമുള്ള സീറ്റ് ചോദിക്കാനാകില്ല. പ്രതിപക്ഷ നിരയിൽ പിന്നിലത്തെ സീറ്റാണ് അൻവറിന് അനുവദിച്ചിട്ടുള്ളത്. പ്രതിപക്ഷ നിരയിൽ സീറ്റ് വേണ്ട എന്നാണ് അൻവറിന്റെ നിലപാട്. വേറെ സീറ്റ് അനുവദിക്കാൻ ആകില്ലെന്ന് നാളെ രേഖാമൂലം അൻവറിനെ നിയമസഭാ സെക്രട്ടേറിയറ്റ് അറിയിക്കും. വേറെ സീറ്റ് വേണമെന്ന് അൻവറും ആവശ്യപ്പെടും.
ഭരണപക്ഷ എംഎൽഎമാർക്ക് അനുവദിച്ചിട്ടുള്ള സിപിഎം എംഎൽഎമാരുടെ ബ്ലോക്കിൽനിന്ന് അൻവറിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പാർലമെന്ററി പാർട്ടി സെക്രട്ടറി ടി.പി.രാമകൃഷ്ണൻ സ്പീക്കർക്കു കത്തു നൽകിയിരുന്നു.
സിപിഎം സ്വതന്ത്ര എംഎൽഎമാരുടെ കൂട്ടത്തിൽ അവസാന നിരയിലായിരുന്നു അൻവറിന്റെ ഇരിപ്പിടം. ഇപ്പോൾ ഒരുവശത്ത് നജീബ് കാന്തപുരവും മറുവശത്ത് ആളില്ലാത്ത സീറ്റുമാണ്. സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചതോടെ പാർട്ടി ബന്ധമില്ലാത്ത സഭയിലെ ഏക സ്വതന്ത്ര എംഎൽഎയാണ് അൻവർ.