കൊച്ചി: വീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മുളവുകാട് നോര്‍ത്ത് സെയ്ന്റ് ആന്റണീസ് റോഡില്‍ ധരണി വീട്ടില്‍ ധനിക (30) യെയാ ണ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. മട്ടാഞ്ചേരി സ്വദേശിനിയാണ് ധനിക. ഏക മകള്‍ ഇഷാന്‍വിയെ കഴുത്തില്‍ ഗുരുതര മുറിവുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ ഭര്‍ത്താവ് രാമകൃഷ്ണനാണ് ധനികയെ മരിച്ച നിലയിലും മൂന്നര വയസ്സുകാരിയായ മകളെ ഗുരുതരമായി മുറിവേറ്റ നിലയിലും കണ്ടത്. കുട്ടിയെ ഉടന്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇഷാന്‍വി തീവ്രപരിചരണ വിഭാഗത്തിലാണ്.
മകളുടെ കഴുത്ത് മുറിച്ച ശേഷം ധരണി ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയൂവെന്നും മുളവുകാട് പോലീസ് പറഞ്ഞു. കത്തി ഉപയോഗിച്ചാണ് കഴുത്ത് മുറിച്ചിരിക്കുന്നത്. കത്തി സംഭവസ്ഥലത്തുനിന്നു ലഭിച്ചു.
സംഭവ ദിവസം വ്യത്യസ്ത മുറിയിലാണ് കിടന്നിരുന്നതെന്ന് രാമകൃഷ്ണന്‍ പോലീസിനോട് പറഞ്ഞു. രാവിലെ ധനികയുടെ മുറിയുടെ വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഭാര്യയെ മരിച്ച നിലയിലും കുട്ടിയെ പരിക്കേറ്റ നിലയിലും കാണുകയായിരുന്നു. താന്‍ വിളിച്ചറിയിച്ച് സുഹൃത്തെത്തി മകളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ബാങ്ക് ജീവനക്കാരനും പച്ചാളം സ്വദേശിയുമായ രാമകൃഷ്ണനും കുടുംബവും ഫെബ്രുവരി മുതലാണ് ഇവിടെ താമസം ആരംഭിച്ചത്. ധനികയുടെ മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയില്‍. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)