ലബനനിലെ പേജർ സ്ഫോടനത്തിൽ ഇന്‍റർപോൾ തെരയുന്ന മലയാളിയായ റിൻസൺ ജോസിന്‍റെ അക്കൗണ്ടിലേക്ക് പണം എത്തിയത് ഇസ്രയേൽ ബാങ്കിൽ നിന്നെന്ന് സ്ഥിരീകരിച്ചു. ഇസ്രയേലിലെ മിസ്രാ തെഫാഹൊത് ബാങ്കിൽ നിന്നാണ് ആറുഘട്ടമായി പണം എത്തിയത്. തായ്‍വാൻ കമ്പനി ഹോങ്കോങ്ങിലേക്ക് അയച്ച 5000 പേജറുകളിലാണ് മൊസാദ് സ്ഫോടകവസ്തു നിറച്ചത്. ഈ കമ്പനികൾക്കെല്ലാം പണം നൽകിയത് റിൻസണിന്‍റെ കമ്പനിയുടെ അക്കൗണ്ട് വഴിയാണെന്നും സ്ഥിരീകരിച്ചു.
പേജർ സ്ഫോടനത്തിന് പിന്നിലെ ദുരൂഹതകൾ നീക്കാൻ അഞ്ച് രാജ്യങ്ങൾ ചേർന്നാണ് അന്വേഷണം നടത്തുന്നത്. ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്‍റെ അതി നിഗൂഢ ഇടപാടുകളാണ്ടെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു.
പേജറുകൾ വാങ്ങാനുള്ള പണം എത്തിയത് വയനാട് സ്വദേശിയായ റിൻസൺ ജോസിന്‍റെ ബൾഗേറിയയിലെ കമ്പനിയായ നോർട്ട ഗ്ലോബലിലേക്കാണ്. ഇസ്രയേലിലെ മിസ്രാ തെഫാഹൊത് ബാങ്കിൽ നിന്ന് 14 കോടി രൂപയ്ക്ക് തുല്യമായ 18 ദശലക്ഷം നോർവീജിയൻ ക്രോൺ ആണ് ആദ്യം എത്തിയത്.
ഈ തുക ഹംഗറിയിലെ മൊസാദ് പ്രതിനിധി ക്രിസ്റ്റീന ബാഴ്സണിയുടെ അക്കൗണ്ടിലേക്ക് കൈമാറി. ക്രിസ്തീനയാണ് ഈ തുക തായ്‌വാനിലെ ഗോൾഡ് അപ്പോളോ കമ്പനിക്കു നൽകിയത്. ഇതിനു പിന്നാലെ 2023 മാർച്ച് മുതൽ 2024 ജൂൺ വരെ റിൻസണിന്‍റെ അക്കൗണ്ടിൽ പണം എത്തിയതായി ഹംഗറിയും റിൻസണ് പൗരത്വമുള്ള നോർവേയും സ്ഥിരീകരിച്ചു. ഈ തുക ഉപയോഗിച്ച് വാങ്ങിയ പേജറുകൾ എത്തിയത് ഹോങ്കോങ്ങിലേക്കാണ്.
തായ്‌വാൻ കമ്പനി തന്നെയാണ് ഈ പേജറുകൾ നിർമിച്ചിരിക്കുന്നത്. ലൈസൻസ് നൽകുക മാത്രമാണ് ചെയ്തെന്ന വാദം ഇതോടെ പൊളിയുകയാണ്. തായ്‌വാനിൽ നിന്ന് ഹിസ്ബുള്ളയ്ക്കുള്ള 5000 പേജറുകൾക്കു പുറമെ അമേരിക്കയിലേക്ക് 20,000 പേജറുകളും ഓസ്ട്രേലിയയിലേക്ക് 3000 പേജറുകളും ഇതേ കമ്പനി അയച്ചിട്ടുണ്ട്.
ഹോങ്കോങ്ങിൽ വച്ച് ഇസ്രയേലിന്‍റെ മൊസാദ് പ്രതിനിധികൾ സ്ഫോടകവസ്തു നിറച്ചു. ബാറ്ററി ഊരി അതിലാണ് മൂന്നുഗ്രാം മാത്രമുള്ള ബോംബ് സ്ഥാപിച്ചത്. ഇത് ഹോങ്കോങ്ങിൽ നിന്ന് ലബനനിലേക്കു പോയി. ഈ ഇടപാടുകൾക്കെല്ലാം പണം നൽകിയത് റിൻസണിന്റെ അക്കൗണ്ടി വഴിയാണ്.
അമേരിക്കയിലേക്കു പോകുന്നു എന്ന് ജോലി ചെയ്യുന്ന കമ്പനിയെ അറിയിച്ച് റിൻസൺ അപ്രത്യക്ഷനായി. എന്നാൽ റിൻസൺ അമേരിക്കയിൽ എത്തിയില്ല. ലണ്ടനിൽ റിൻസണിന്‍റെ സഹോദരന്‍റെ വീട്ടിലും എത്തിയില്ല. നോർവേയുടെ അഭ്യർഥനയെ തുടർന്ന് റിൻസണായി ഇന്‍റർപോൾ തെരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ റിൻസണ് പൗരത്വമുള്ള നോർവേ, കമ്പനി സ്ഥാപിച്ച ബൾഗേറിയ, പണം അയച്ച ഹംഗറി, പേജർ എത്തിയ ഹോങ്കോങ്, പേജർ അയച്ച തായ്‌വാൻ എന്നീ രാജ്യങ്ങൾ ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.