സ്ഥിരീകരിച്ച് ഹിസ്ബുല്ല: ‘സയ്യിദ് ഹസ്സൻ നസ്‌റുല്ല രക്തസാക്ഷി’; ഹമാസ് മേധാവിക്കു പിന്നാലെ ഹിസ്ബുല്ല തലവനെയും വകവരുത്തി ഇസ്റാഈൽ
ബയ്‌റുത്ത്: ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ ഹസന്‍ നസ്‌റല്ല ഇന്നലെ വൈകീട്ട് ഇസ്റാഈൽ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. ബെയ്‌റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശത്ത് ഹിസ്ബുല്ല കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററിനും സമീപത്തെ കെട്ടിടങ്ങള്‍ക്കും നേരെ നടത്തയ അതിശക്തമായ വ്യോമാക്രമണത്തില്‍ ഹസന്‍ നസ്‌റല്ലയും മറ്റേതാനും ഹിസ്ബുല്ല നേതാക്കളും കൊല്ലപ്പെട്ടതായി ഇസ്റാഈൽ സൈന്യം അറിയിച്ച് മണിക്കൂറുകള്‍ക്കു ശേഷമാണ് നസ്‌റല്ല കൊല്ലപ്പെട്ടതായി ഹിസ്ബുല്ല സ്ഥിരീകരിച്ചത്. ഹിസ്ബുല്ലയിലെ ഭൂരിഭാഗം മുതിര്‍ന്ന നേതാക്കളെയും വകവരുത്തിയതായി ഇസ്റാഈൽ സൈന്യം പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇസ്റാഈൽ ആക്രമണത്തില്‍ തലവന്‍ കൊല്ലപ്പെട്ടതോടെ ഹിസ്ബുള്ളയുടെ നിലനിൽപ്പാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. 32 വര്‍ഷമായി ഹിസ്ബുള്ളയെ നയിക്കുന്ന ഹസ്സന്‍ നസ്റുള്ള, സായുധസംഘത്തിന്റെ ആസ്ഥാനത്തിനുനേരെയുള്ള ഇസ്റാഈൽ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. നസ്റുള്ളയുടെ മരണം ഹിസ്ബുള്ളയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.
ഔദ്യോഗിക സ്ഥാനങ്ങളൊന്നുമില്ലെങ്കിലും നസ്റുള്ളയുടെ കൈകളിലായിരുന്നു ലെബനന്‍ ഭരണം. ടെലിവിഷന്‍ അഭിസംബോധനകളിലൂടെയാണ് ഭരണനിയന്ത്രണം. ഔദ്യോഗികമായി പ്രസിഡന്റും പ്രധാനമന്ത്രിയുമുണ്ടെങ്കിലും നസ്റുള്ളയുടെ പ്രസംഗങ്ങള്‍ ഉള്‍ക്കൊണ്ടാണ് അവർ നയരൂപവത്കരണം നടത്തുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.
1960-ല്‍ ജനിച്ച നസ്റുള്ള കിഴക്കന്‍ ബയ്‌റുത്തിലെ ബോര്‍ജ് ഹമ്മൗദിലാണ് വളര്‍ന്നത്. ചെറുകിട പച്ചക്കറിക്കച്ചവടക്കാരന്‍ അബ്ദുള്‍ കരിമാണ് പിതാവ്. ഒമ്പതുമക്കളില്‍ ഒന്നാമന്‍. 1975-ല്‍ ലെബനനില്‍ ആഭ്യന്തരകലാപമുണ്ടായപ്പോള്‍ ഷിയ വിഭാഗത്തിന്റെ സായുധസംഘമായ അമാല്‍ മൂവ്‌മെന്റിന്റെ ഭാഗമായി. ഇറാനിലെ വിശുദ്ധനഗരമായ നജഫിലെ ഷിയ മതപാഠശാലയില്‍ കുറച്ചുകാലമുണ്ടായിരുന്ന നസ്റുള്ള ലെബനനില്‍ തിരിച്ചെത്തി വീണ്ടും അമാല്‍ മൂവ്‌മെന്റിന്റെ ഭാഗമായി. 1982-ല്‍ ഇസ്റാഈൽ ലെബനന്‍ ആക്രമിച്ചതിന് പിന്നാലെ അമാല്‍ മൂവ്‌മെന്റില്‍ പിളര്‍പ്പുണ്ടാകുകയും നസ്റുള്ളയടക്കമുള്ളവര്‍ പുറത്തുവന്ന് ഇസ്‌ലാമിക് അമാല്‍ എന്ന സംഘം രൂപവത്കരിക്കുകയും ചെയ്തു.
ബെക്ക വാലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡിന്റെ പിന്തുണ ഇസ്‌ലാമിക് അമാലിന് ലഭിച്ചു. ഇറാന്‍ സൈന്യത്തില്‍നിന്ന് ആയുധബലവും ആള്‍ബലവും ലഭിച്ച ഇസ്‌ലാമിക് അമാല്‍ ഷിയാ വിഭാഗത്തിനിടയിലെ പ്രധാന സായുധസംഘമായി മാറി. 1985-ല്‍ പ്രസിദ്ധീകരിച്ച തുറന്ന കത്തില്‍ ഹിസ്ബുള്ളയുടെ രൂപവത്കരണം പ്രഖ്യാപിച്ചു. യു.എസും സോവിയറ്റ് യൂണിയനും ഇസ്‌ലാമിന്റെ പ്രഥമ ശത്രുക്കളാണെന്നായിരുന്നു സംഘത്തിന്റെ നിലപാട്. മുസ്‌ലിം ഭൂമികള്‍ കൈയ്യേറുന്ന ഇസ്റാഈലിനെ തുടച്ചുനീക്കണമെന്നും ആഹ്വാനംചെയ്തു.
നസ്റുള്ള ഇതിനിടെ ഹിസ്ബുള്ളയുടെ നേതൃനിരയിലേക്ക് ഉയര്‍ന്നു. ആദ്യം സാധാരണ പോരാളിയായിരുന്ന താന്‍ ബാല്‍ബെക്കിലും പിന്നീട് ബെക്കാ മേഖലയിലും അവിടെനിന്ന് ബയ്‌റുത്തിലും സായുധസംഘത്തിന്റെ നേതാവായി വളര്‍ന്നുവെന്നാണ് നസ്റുള്ള തന്നെ വിശദീകരിച്ചത്. അബ്ബാസ് അല്‍ മൗസവിയെ ഹെലികോപ്റ്റര്‍ ആക്രമണത്തില്‍ ഇസ്റാഈൽ കൊലപ്പെടുത്തയതിന് പിന്നാലെ 1992-ല്‍ 32-ാം വയസ്സിലാണ് നസ്റുള്ള ഹിസ്ബുള്ള തലവനാകുന്നത്.
മൗസവിയുടെ കൊലപാതകത്തില്‍ തിരിച്ചടിക്കാനുള്ള നിര്‍ദേശമായിരുന്നു ഹിസ്ബുള്ള തലവനായ ശേഷം ആദ്യം നസ്റുള്ള നല്‍കിയത്. വടക്കന്‍ ഇസ്റാഈലിനു നേരെ റോക്കറ്റ് ആക്രമണത്തിന് ഉത്തരവിട്ടു. ഇതില്‍ ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടു. കാര്‍ബോംബ് ആക്രമണത്തില്‍ തുര്‍ക്കിയിലെ ഇസ്റാഈൽ എംബസ്സിയിലെ സുരക്ഷാ ഉദ്യോഗസ്ഥനേയും അര്‍ജന്റീനയിലെ എംബസിയിലെ ചാവേര്‍ ആക്രമണത്തില്‍ 29 പേരേയും വധിച്ചു. നസ്റുള്ളയുടെ നേതൃത്വത്തിലുള്ള ചെറുയുദ്ധത്തില്‍ തെക്കന്‍ ലെബനനില്‍നിന്ന് ഇസ്റാഈലിന് സൈന്യത്തെ പിന്‍വലിക്കേണ്ടവന്നു. പിന്മാറ്റം ഇസ്റാഈലിനെതിരെ ഹിസ്ബുള്ളയുടെ ആദ്യ അറബ് വിജയമാണെന്ന് നസ്റുള്ള പ്രഖ്യാപിച്ചു. 2000-ലെ ഈ യുദ്ധത്തില്‍ നസ്റുള്ളക്ക് സ്വന്തം മകനെ നഷ്ടമായി.
ആയുധം താഴെവെക്കില്ലെന്ന് പ്രഖ്യാപിച്ച നസ്റുള്ള പഴയ ലെബനന്‍ അതിര്‍ത്തി പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. 2006-വരെ നീണ്ടുനിന്ന ശാന്തതയ്ക്കുശേഷം വീണ്ടും ഇസ്റാഈലിനെ ആക്രമിച്ചു. ഇസ്റാഈലിനെ എട്ട് സൈനികരെ നഷ്ടമായി. രണ്ടുപേരെ ബന്ദിയാക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇസ്റാഈൽ ശക്തമായി തിരിച്ചടിച്ചു. തെക്കന്‍ ബയ്‌റുത്തില്‍ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങള്‍ക്കുനേരെ ഇസ്റാഈൽ ആക്രമണം നടത്തി. ഹിസ്ബുള്ള ഇസ്റാഈലിനുനേരെ 4,000-ഓളം റോക്കറ്റുകള്‍ അയച്ചു. 34 ദിവസം സംഘര്‍ഷം നീണ്ടുനിന്നു. ലെബനന്‍ പൗരന്മാരടക്കം 1,125 പേരും ഇസ്രയേലില്‍ 119 സൈനികരും 45 സാധാരണക്കാരും മരിച്ചു. വീടിനും ഓഫീസുകള്‍ക്കും നേരെ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയെങ്കിലും നസ്രള്ള രക്ഷപ്പെട്ടു.
2009-ല്‍ ഹിസ്ബുള്ളയുടെ പുതിയ രാഷ്ട്രീയ കാഴ്ചപ്പാട് വ്യക്തമാക്കുന്ന മാനിഫെസ്റ്റോ പുറത്തിറക്കി. നാലുവര്‍ഷങ്ങള്‍ക്ക് ശേഷം ബാഷര്‍ അല്‍ അസദ്ദിന് പിന്തുണ പ്രഖ്യാപിച്ച് സിറിയയിലേക്ക് സായുധസംഘത്തെ അയച്ചു. സിറിയയിലെ ആഭ്യന്തരയുദ്ധത്തിലേക്ക് രാജ്യത്തെ വലിച്ചിഴയ്ക്കുന്നുവെന്ന് ലെബനീസ് സുന്നി നേതാക്കള്‍ ഹിസ്ബുള്ളയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചു. 2019-ല്‍ കടുത്ത സാമ്പത്തിക മാന്ദ്യത്തെത്തടുര്‍ന്ന് ലെബനനിലെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ വലിയ പ്രതിഷേധമുണ്ടായി. പരിഷ്‌കരണവാദികള്‍ക്ക് നസ്രള്ള ആദ്യം പിന്തുണ പ്രഖ്യാപിച്ചെങ്കിലും രാഷ്ട്രീയ നേതൃത്വത്തില്‍ സമ്പൂര്‍ണ ഉടച്ചുവാര്‍ക്കല്‍ ആവശ്യപ്പെട്ടതോടെ പിന്നോട്ടുപോയി.
കഴിഞ്ഞവര്‍ഷം ഹമാസ്- ഇസ്റാഈൽ യുദ്ധം അരംഭിച്ചതോടെ, ഹമാസിന് പിന്തുണയുമായി ഹിസ്ബുള്ള രംഗത്തെത്തി. ഇതോടെ ഇസ്റാഈൽ – ഹിസ്ബുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി. പലസ്തീന് പിന്തുണ പ്രഖ്യാപിച്ച ഹിസ്ബുള്ള ഇസ്രയേലിന് നേരെ വെടിയുതിര്‍ത്തു. വടക്കന്‍ ഇസ്റാഈലിനും ഇസ്റാഈലിന്റെ അധീനതയിലുള്ള ഗോലാന്‍ മലനിരകളും ലക്ഷ്യമാക്കി 8,000-ത്തിലേറെ റോക്കറ്റുകള്‍ തൊടുത്തു. ടാങ്ക്‌വേദ മിസൈലുകള്‍ അയച്ചു. സൈനിക ക്യാമ്പുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തി. ഇതിനിടെ ഇസ്റാഈലിന്റെ പേജര്‍- വാക്കിടോക്കി ആക്രമണങ്ങളില്‍ ഹിസ്ബുള്ളയ്ക്ക് അംഗങ്ങളെ നഷ്ടമായി. ഇതിന്റെ തുടര്‍ച്ചയായി നടന്ന ആക്രമണത്തിലാണ് ഹിസ്ബുള്ള തലവനെ തന്നെ ഇസ്റാഈൽ വകവരുത്തുന്നത്.
ഇസ്റാഈൽ തന്നെ ഉന്നമിട്ടതായി മനസിലാക്കിയ നസ്റുള്ള വര്‍ഷങ്ങളായി പൊതുയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇറാനുമായി അടുത്ത ബന്ധമുള്ള നസ്റുള്ള ഹിസ്ബുള്ളയെ രാഷ്ട്രീയ- സൈനിക ശക്തിയായി മാറ്റുന്നതില്‍ പ്രധാനപങ്കുവഹിച്ചു. സായുധസംഘത്തെ അനുകൂലിക്കുന്നവരില്‍ വലിയ ആരാധകവൃന്ദം നസ്രള്ളയ്ക്കുണ്ട്. ഹമാസിനും ഇറാഖിലേയും യെമനിലേയും സായുധസംഘങ്ങള്‍ക്കും നസ്രള്ളയുടെ നേതൃത്വത്തിലുള്ള ഹിസ്ബുള്ള സഹായങ്ങള്‍ നല്‍കിയിരുന്നു.
ഇസ്റാഈലിനെതിരായി ഉപയോഗിക്കുന്ന റോക്കറ്റുകളടക്കം ഇറാനില്‍നിന്ന് നേടിയതാണ്. ലെബനനില്‍ അധിനിവേശം നടത്തുന്ന ഇസ്രയേലിനെ പ്രതിരോധിക്കാന്‍ ഉണ്ടാക്കിയ സംഘടനയില്‍നിന്ന്, ലെബനന്റെ ഔദ്യോഗിക സൈന്യത്തേക്കാള്‍ വലിയ സായുധസംഘമായി നസ്രള്ള ഹിസ്ബുള്ളയെ വളര്‍ത്തി. ലെബനീസ് രാഷ്ട്രീയത്തില്‍ പവര്‍ബ്രോക്കറായും ആരോഗ്യ- വിദ്യാഭ്യാസ- സാമൂഹിക രംഗത്ത് ഇടപെടലിനുള്ള ശക്തിയായും ഹിസ്ബുള്ളയെ വളര്‍ത്തി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
