ഇറാന്റെ ‘കിരീട രത്നം’പിടിച്ചെടുക്കാൻ അമേരിക്ക, ഖാർഗ് ദ്വീപ് ആക്രമിച്ചാൽ കളി മാറുമെന്ന് ഇറാൻ

ടെഹ്റാൻ: ഇസ്രയേൽ-യുസ് സഖ്യം ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും മിഡിൽ ഈസ്റ്റിൽ വലിയ സംഘർഷത്തിലേക്ക് പോകുന്നതിനിടെ ഇറാന്റെ ‘കിരീട രത്നം’പിടിച്ചെടുക്കാൻ അമേരിക്ക ശ്രമം നടത്തുന്നതായി റിപ്പോർട്ടുകൾ. ഇറാന്റെ സാമ്പത്തിക നട്ടെല്ലും എണ്ണ കയറ്റുമതിയുടെ പ്രധാന കേന്ദ്രവുമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിനെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഖാർഗ് ദ്വീപിന് നേരെ അമേരിക്ക ഇനിയും ശക്തമായ ആക്രമണങ്ങൾ നടത്തിയേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. നിലവിലെ വ്യോമാക്രമണങ്ങളിൽ ദ്വീപിന്റെ ഭൂരിഭാഗവും തകർക്കപ്പെട്ടുവെന്നും, ‘ഒരു രസത്തിന് വേണ്ടി’ ഇനിയും പലതവണ ഖാർഗിനെ ലക്ഷ്യം വെച്ചേക്കാമെന്നുമാണ് എൻ‌ബി‌സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയത്.

ട്രംപിന്‍റെ വാക്കുകൾ ഒരു മുന്നറിയിപ്പായാണ് ഇറാൻ കരുതുന്നത്. ഖാർഗ് ദ്വീപിന് നേരെ ആക്രമണം നടന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. ഹോർമൂസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾ ഇനിയും കുടുങ്ങിക്കിടക്കുകയാണെങ്കിൽ ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ യുഎസ് കരസേനയെ ഇറക്കേണ്ടി വരുമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു. യുഎസ് നിയന്ത്രണത്തിലുള്ള എണ്ണ ഉൽപാദന കേന്ദ്രങ്ങളെ ഇറാനും ലക്ഷ്യമിടുമെന്നാണ് സൈനിക നേതൃത്വം പറയുന്നത്. ട്രംപിന്‍റെയും യുഎസ് സൈന്യത്തിന്‍റേയും നീക്കങ്ങൾ ഇറാൻ നിരീക്ഷിക്കുകയാണ്.

ഇറാനെതിരായ യുഎസ് ഇസ്രയേൽ യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോഴാണ് ട്രംപ് പുതിയ ഭീഷണിയുമായി രംഗത്ത് വന്നത്. ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ പൂർണമായും തകർത്തുവെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാൽ, ആഗോള എണ്ണ വിതരണത്തെ ബാധിക്കാതിരിക്കാൻ നിലവിൽ എണ്ണ ഉത്പാദന കേന്ദ്രങ്ങളെ ബോധപൂർവ്വം ഒഴിവാക്കിയിരിക്കുകയാണെന്നും, ഒരു രസത്തിന് ഇനിയും ദ്വീപ് ആക്രമിക്കും എന്നുമാണ് ട്രംപ് പറഞ്ഞത്.

…..