കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന പുഷ്പൻ (54) അന്തരിച്ചു. വെടിവെപ്പിനെ തുടർന്ന് ശരീരം തളർന്ന് മുപ്പത് വർഷമായി കിടപ്പിലായിരുന്നു. കണ്ണൂർ ചൊക്ലി സ്വദേശിയാണ് പുഷ്പൻ. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1994 നവംബർ 25 ന് നടന്ന കൂത്തുപറമ്പ് വെടിവയ്പിലാണ് ഗുരുതമായി പരിക്കേറ്റ പുഷ്പൻ കിടപ്പിലായത്. കഴുത്തിന് പിന്നിലായിരുന്നു വെടിയേറ്റത്. ഡിവൈഎഫ്ഐ സമരത്തിന് നേരെയാണ് പൊലീസ് വെടിവയ്പ്പ് നടത്തിയത്. വെടിയേൽക്കുമ്പോൾ 24 വയസ്സായിരുന്നു പുഷ്പന് പ്രായം. അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ വെടിവെപ്പിൽ അന്ന് കൊല്ലപ്പെട്ടു. അന്ന് സഹകരണ മന്ത്രിയായിരുന്നഎം.വി. രാഘവന്റെയോഗത്തിനിടെ ഉണ്ടായ സംഘര്‍ഷമാണ് വെടിവെപ്പില്‍ കലാശിച്ചത്.





