അർജുന്റെ മൃതദേഹം കാർവാർ മോർച്ചറിയിൽ; വിട്ടുനൽകുക ഡിഎൻഎ പരിശോധനയ്ക്ക് ശേഷം

0
1039

ഷിരൂർ: കാണാതായി 72ാം ​ദിവസമായ ഇന്ന് ഷിരൂരിൽ നിന്ന് അർജുന്റെ മൃതദേഹമടങ്ങിയ ട്രക്ക് കണ്ടെത്തി. മാസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വം കണ്ണീരിലേക്ക് വഴിമാറുന്നതാണ് കോഴിക്കോട് കണ്ണാടിക്കല്ലിലെ വീട്ടിലും ഷിരൂരിൽ അർ‌ജുനെ കാത്തിരുന്നവ‍‌ർക്കിടയിലും പിന്നീട് കണ്ടത്.

മാനാഫ് എന്ന ലോറി ഉടമയുടെയും അർജുന്റെ സഹോദരീ ഭർത്താവ് ജിതിന്റെയും അവർക്കൊപ്പം നിന്നവരുടെയും നിശ്ചയദാർഢ്യത്തിനൊടുവിലാണ് ജൂലൈ 16ന് കാണാതായ ലോറി ഇന്ന് കണ്ടെത്തിയത് തന്നെ. കാലാവസ്ഥാ പ്രതിസന്ധികൊണ്ടും മറ്റ് പല കാരണങ്ങൾകൊണ്ടും പല തവണ നിർത്തിവച്ച തിരച്ചിൽ കേണപേക്ഷിച്ചും പ്രതിഷേധിച്ചുമാണ് അവർ ഇതുവരെയെത്തിച്ചത്.

ഒടുവിൽ തേടിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകി ഉച്ചയോടെ അർജുന്റെ ട്രക്കിന്റെ ഭാ​ഗങ്ങൾ കണ്ടെത്തി. തകർന്ന ക്യാബിനിനുള്ളിൽ അർജുന്റെ മൃതദേഹവും കണ്ടെത്തി. അർജുൻ ക്യാബിനിലുണ്ടാകുമെന്ന് മനാഫ് ഉറപ്പിച്ച് പറഞ്ഞിരുന്നു. മൃതദേഹം പുറത്തെടുത്ത് കാർവാർ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

തിരിച്ചറിയാകാത്തതിനാൽ ഡിഎൻഎ പരിശോധന നടത്തി അർജുന്റേതാണെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുക. ഇതിനിടെ അർജുൻ്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ ചെലവും കർണാടക സർക്കാർ തന്നെ വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കർണാടക സർക്കാർ ഇതിനുള്ള നിർദ്ദേശം ജില്ലാ കലക്ടർക്ക് നൽകിയിരിക്കുകയാണ്. ​

​ഗം​ഗാവലിപ്പുഴയിൽ 12 മീറ്റർ ആഴത്തിലാണ് ലോറി കണ്ടെത്തിയത്. ഉച്ചയോടെ ഇത് പുഴയിൽ നിന്ന് ഉയർ‌ത്തിയെങ്കിലും കരയ്ക്കെത്തിക്കാൻ കഴിഞ്ഞിട്ടില്ല. കരയ്ക്കെത്തിക്കുന്നതിനിടെ വടം പൊട്ടിയതിനാൽ നാളെയാകും ലോറി കരയിലേക്ക് മാറ്റുക. നാളെ ‌രാവിലെ എട്ട് മണിയോടെ ലോറി കരയ്ക്കെത്തിക്കാൻ ശ്രമം തുടരും. രാവിലെ നടത്തിയ തിരച്ചിലിൽ കൂടുതൽ ലോഹഭാഗങ്ങൾ കണ്ടെത്തിയിരുന്നു.

വേലിയിറക്ക സമയത്താണ് ലോഹഭാ​ഗങ്ങൾ പുറത്തെത്തിച്ചത്. അർജുന്റെ ലോറിയായ ഭാരത് ബെൻസിന്റെ ബാക്ക് ബമ്പറിന് സമാനമായ ഭാഗം ഡ്രഡ്ജിങ്ങിൽ കണ്ടെത്തിയിരുന്നു. കണ്ടെത്തിയത് അർജുൻ സഞ്ചരിച്ചിരുന്ന ലോറിയുടെ ക്രാഷ് ഗാർഡ് ആണെന്ന് സംശയിക്കുന്നതായി ലോറി ഉടമ മനാഫ് പറയുകയും ചെയ്തിരുന്നു.