മരണം 558 ആയി, കൊല്ലപ്പെട്ടവരിൽ 50 കുട്ടികളും
ബെയ്റൂത്: തത്സമയ സംപ്രേഷണത്തിനിടെ ലബനനിലെ മാധ്യമ പ്രവർത്തകനു നേരെ ഇസ്രയേലിന്റെ മിസൈൽ ആക്രമണം. ഫാദി ബൗദയ എന്ന മാധ്യമ പ്രവർത്തകനു നേരെയാണ് ആക്രമണമുണ്ടായത്. മറായ ഇന്റർനാഷനൽ നെറ്റ്‌വർക്കിന്റെ ഡയറക്ടർ ജനറലായ ഫാദി ബൗദയയ്ക്ക് ആക്രമണത്തിൽ പരുക്കേറ്റു.
ഫാദിക്കെതിരെയുള്ള മിസൈൽ ആക്രമണത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പേജർ, വോക്കിടോക്കി സ്ഫോടനങ്ങൾക്കു പിന്നാലെ ലബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മരണസംഖ്യ 558 ആയി. മരണപ്പെട്ടവരിൽ 50 പേർ കുട്ടികളാണ്.
രണ്ടു ദിവസമായി നടക്കുന്ന ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ 1835 പേർക്ക് പരുക്കേറ്റു. മുന്നൂറിലേറെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് മിസൈൽ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ അവകാശപ്പെടുന്നുണ്ടെങ്കിലും കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണ്.