Sunday, 6 October - 2024

പുതിയ ഫോണ്‍ വാങ്ങിയതിന് പാര്‍ട്ടി നല്‍കിയില്ല; 16-കാരനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു

ന്യൂഡല്‍ഹി: പതിനാറുകാരനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു. ഈസ്റ്റ് ഡല്‍ഹിയിലെ ഷകര്‍പൂരിലാണ് സംഭവം. ഷകര്‍പൂര്‍ സ്വദേശിയായ സച്ചിന്‍ എന്ന വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. പുതിയ ഫോണ്‍ വാങ്ങിയതിന് പാര്‍ട്ടി നല്‍കാത്തതിനെ തുടര്‍ന്ന് പതിനാറുകാരനെ മൂന്ന് സുഹൃത്തുക്കള്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് കൃത്യം നടത്തിയത്.

ഷകര്‍പൂരില്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാര്‍ ചോരപ്പാട് കണ്ട് അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം അറിയുന്നതെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ അപൂര്‍വ ഗുപ്ത അറിയിച്ചു. തിങ്കഴാച്ച രാത്രി 7.15ഓടെയായിരുന്നു സംഭവം. സ്ഥലത്തുണ്ടായിരുന്നവരാണ് പൊലീസിനോട് വിവരം പറഞ്ഞത്. പരിക്കേറ്റ സച്ചിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു.

പുതിയ ഫോണ്‍ വാങ്ങിയ ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം സച്ചിന്‍ വീട്ടിലേക്ക് മടങ്ങവെയായിരുന്നു സംഭവം. ഫോണ്‍ വാങ്ങിയതിന് പാര്‍ട്ടി നല്‍കണമെന്ന് സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടു. സച്ചിന്‍ ഇത് നിഷേധിച്ചതാണ് സുഹൃത്തുക്കളെ പ്രകോപിപ്പിച്ചത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായതെന്നും പൊലീസ് അറിയിച്ചു. ഭാരതീയ ന്യായ സന്‍ഹിതയിലെ സെക്ഷന്‍ 103(1), 3(5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Most Popular

error: