കൊച്ചി: മസ്കറ്റ് ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.എസ് ഡയസിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് സിദ്ദീഖിനെതിരെ കേസെടുത്തത്. ബലാത്സംഗക്കുറ്റം ആണ് സിദ്ദിഖിനെതിരെ ചുമത്തിയിരിക്കുന്നത്.
താൻ നിരപരാധിയാണെന്ന് സിദ്ദിഖ് ഹൈക്കോടതിയിൽ വാദിച്ചു. എന്നാൽ സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് അനിവാര്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിഡക്കുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാേപക്ഷ കോടതി തള്ളിയത്.
മുൻകൂർ ജാമ്യപേക്ഷ തള്ളിയതോടെ അറസ്റ്റിന് തടസ്സമില്ലന്ന് അന്വേഷണ സംഘം അറിയിച്ചു. കോടതി ഉത്തരവ് പരിശോധിച്ച അറസ്റ്റു സംബന്ധിച്ച് ഇടൻ തീരുമാനമെടുക്കുമെന്നും ആവശ്യത്തിന് തെളിവുകളുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.
2019 മുതൽ യുവതി ആരോപണം ഉന്നയിക്കുന്നുണ്ടെന്നും അന്നില്ലാത്ത ബലാത്സംഗ ആരോപണം പിന്നീട് മനഃപൂര്‍വം തന്നെ അപമാനിക്കാൻ വേണ്ടിയാണ് യുവതി ആരോപിക്കുന്നതെന്നും സിദ്ദിഖ് കോടതിയെ അറിയിച്ചിരുന്നു. വിശദമായ വാദത്തിന് ശേഷമാണ് ജാമ്യാപേക്ഷ ഇന്ന് വിധി പറയാൻ മാറ്റിയത്. കേസിൽ സർക്കാരിന്‍റെ വിശദീകരണവും നേരത്തേ കോടതി ആരാഞ്ഞിരുന്നു.
2016ൽ സിനിമാ വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി, തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽനിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി ബന്ധപ്പെട്ടിരുന്നു.
പിന്നീട് ഒരു സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മസ്കറ്റ് ഹോട്ടലിൽ ചർച്ചയ്ക്കു വിളിച്ചു. അവിടെ ചെന്നപ്പോൾ പൂട്ടിയിട്ട് ലൈംഗികമായി ഉപദ്രവിച്ചതായും നടി വെളിപ്പെടുത്തിയിരുന്നു. 2019ൽ തന്നെ ഇക്കാര്യം നടി തന്റെ സമൂഹമാധ്യമ അക്കൗണ്ട് വഴി പങ്കുവെച്ചിരുന്നു. എന്നാൽ ആരും തന്റെ ആരോപണത്തെ ഗൗരവമായി എടുത്തില്ലെന്നും ഉദ്യോഗസ്ഥ തലത്തിൽ നിന്നുപോലും ദുരവസ്ഥയുണ്ടായെന്നും നടി പറഞ്ഞിരുന്നു. കേസില്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം മസ്കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.