Sunday, 6 October - 2024

കൂട്ടക്കുരുതിയിൽ വിറങ്ങലിച്ച് ലബനാൻ; ഇസ്റാഈൽ വ്യോമാക്രമണത്തിൽ മരണം അഞ്ഞൂറായി; 1500ലേറെ പേർക്ക് പരിക്ക്, തുറന്ന യുദ്ധമെന്ന് ഹിസ്ബുല്ല

തിരിച്ചടിച്ച് ഹിസ്ബുല്ല; ഇസ്റാഈലിൽ അടിയന്തരാവസ്ഥ; മുന്നറിയിപ്പ് സൈറൻ മുഴക്കി സൈന്യം

ബെയ്റൂത്ത്: ഗസ്സയിൽ 41,000ലേറെ പേരെ കൊന്നുതള്ളിയതിനു ശേഷം ‌ലബനാനിൽ ഇസ്റാഈൽ നടത്തിയ വ്യാപക വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 492 ആയി. 1000ലേറെ പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ മുതൽ കിഴക്കൻ, തെക്കൻ ലബനാനിൽ ആരംഭിച്ച വ്യോമാക്രമണത്തിലാണ് ഇത്രയും ജീവനുകൾ നഷ്ടമായത്. ഇതിൽ 35 പേർ കുട്ടികളും 56 പേർ സ്ത്രീകളുമാണെന്ന് ലബനാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനവാസകേന്ദ്രങ്ങളിലാണ് ഇസ്റാഈൽ ബോംബിട്ടത്. 2006 ന് ശേഷമുള്ള ഏറ്റവും മാരകമായ സംഘർഷമാണ് ലെബനനിൽ കാണുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഗസ്സയിലേതിനു സമാനമായി ലബനാനിലും സാധാരണക്കാർക്കു നേരെയാണ് ഇസ്രായേലി‍ന്റെ ആക്രമണം. വീടുകൾക്കും ആരോഗ്യകേന്ദ്രങ്ങൾക്കും വ്യാപാര- താമസ കെട്ടിടങ്ങൾക്കും നേരെയാണ് ഇസ്റാഈൽ സേന ആക്രമണം അഴിച്ചുവിടുന്നത്. പരിക്കേറ്റവരെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുന്ന ആബുലൻസുകളെ പോലും ഇസ്രായേൽ സൈന്യം വെറുതിവിടുന്നില്ലെന്നും ആക്രമണം ഭയന്ന് വാഹനങ്ങളിൽ കയറി രക്ഷപെടുന്നവരെയും ആക്രമിക്കുകയാണെന്നും ആരോഗ്യമന്ത്രി ഫിറാസ് അബ്‌യാദ്‌ പറഞ്ഞു.

ലബനനിലുടനീളം 300ലധികം സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്റാഈൽ സൈന്യം അറിയിച്ചു. ഹിസ്ബുല്ലയ്ക്കു നേരെയാണ് ആക്രമണം എന്നാണ് ഇസ്റാഈൽ വാദമെങ്കിലും ഇരയാകുന്നവർ സാധാരണക്കാരാണ്. പടിഞ്ഞാറൻ ബെക്കയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ലബായയിലെയും യഹ്‌മോറിലെയും വീടുകളും പെട്രോൾ പമ്പും സഹ്‌മോറിലെ വീടുകളും തകർന്നതായി ലബനൻ ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ലെബനാനിലെ ബിൻത് ജബെയ്ൽ, ഐതറൂൺ, മജ്ദൽ സേലം, ഹുല, തൗറ, ഹാരിസ്, നബി ചിറ്റ്, താറയ്യ, ഷെംസ്റ്റാർ, ഹർബത, ലിബ്ബയ്യ, സോഹ്മോർ എന്നീ നഗരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഇസ്രായേൽ ആക്രമണം. നേരത്തെ വടക്കൻ ഇസ്രായേൽ ഭാഗത്ത് ലബനാനുമായി അതിർത്തി പങ്കിടുന്ന ഭാഗത്തുമാത്രമായിരുന്നു ആക്രമണമെങ്കിൽ തിങ്കളാഴ്ച വ്യാപക ആക്രമണമാണ് ഇസ്രായേൽ നടത്തിയത്. ലബനാനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേന അഥവാ യൂണിഫിൽ തെക്കൻ ലബനാനിൽ താമസിക്കുന്ന സാധാരണക്കാരുടെ ക്ഷേമത്തിലും സുരക്ഷയിലും കടുത്ത ആശങ്ക പ്രകടിപ്പിച്ചു. നയതന്ത്ര പരിഹാരത്തിനുള്ള ആഹ്വാനം ആവർത്തിക്കുകയും സിവിലിയൻ ജീവിതത്തിന് മുൻഗണന നൽകാനും അവരെ ദോഷകരമായി ബാധിക്കില്ലെന്ന് ഉറപ്പാക്കാനും എല്ലാ കക്ഷികളോടും അഭ്യർഥിക്കുന്നതായി യൂണിഫിൽ എക്സിൽ കുറിച്ചു.

തിരിച്ചടിച്ച് ഹിസ്ബുല്ല; ഇസ്റാഈലിൽ അടിയന്തരാവസ്ഥ; മുന്നറിയിപ്പ് സൈറൻ മുഴക്കി സൈന്യം

ബെയ്റൂത്ത്: ലബനാനിൽ 350ലേറെ പേർ കൊല്ലപ്പെട്ട വ്യോമാക്രമണത്തിന് ഇസ്രായേലിന് തിരിച്ചടിയുമായി ഹിസ്ബുല്ല. വടക്കൻ ഇസ്രായേലിലെ പ്രധാന നഗരമായ ഹൈഫയിലേക്ക് നിരവധി റോക്കറ്റുകൾ തൊടുത്തു. ഹൈഫയിലെ ഇസ്രായേൽ സൈനിക വ്യവസായ സമുച്ചയത്തിന് നേരെയടക്കമാണ് ഹിസ്ബുല്ല റോക്കറ്റ് വിക്ഷേപിച്ചതെന്ന് വാർത്താ ഏജൻസിയായ അനഡോലു റിപ്പോർട്ട് ചെയ്യുന്നു.

ഇത് രണ്ടാം തവണയാണ് ഹിസ്ബുല്ല ഹൈഫയിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത്. ഞായറാഴ്ചയും നഗരത്തിന് നേരെ മിസൈലുകൾ തൊടുത്തുവിട്ടിരുന്നു. ഹൈഫയ്ക്ക് വടക്കുള്ള റാഫേൽ ഇലക്ട്രോണിക്സ് കമ്പനിയിലും നോർത്തേൺ കോർപ്സിൻ്റെ റിസർവ് ആസ്ഥാനത്തും അമിയാദ് ക്യാമ്പിലെ ഗലീലി ഫോർമേഷന്റെ ലോജിസ്റ്റിക്സ് ബേസിലും ഡസൻ കണക്കിന് റോക്കറ്റുകൾ വിക്ഷേപിച്ചതായി ഹിസ്ബുല്ല പറഞ്ഞു.

യുദ്ധഭീതിയിൽ ആളുകൾ ബങ്കറിലേക്കും മറ്റും ഓടിയൊളിക്കുകയാണ്. തിങ്കളാഴ്ച വൈകുന്നേരം സൈറൻ മുഴങ്ങിയതിനാൽ ഹൈഫയിലെ താമസക്കാർ അഭയം തേടി ഓടിയതായി എഎഫ്‌പി മാധ്യമപ്രവർത്തകൻ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിൻ്റെ വടക്കൻ ഭാഗങ്ങളിൽ 180ഓളം പ്രൊജക്‌ടൈലുകളും ഒരു ഡ്രോണും ഇസ്രായേൽ വ്യോമാതിർത്തിയിലേക്ക് കടന്നതായി സൈന്യം അറിയിച്ചു. ആക്രമണ സാധ്യത മുന്നിൽക്കണ്ട് ഇസ്രായേലിൽ ഒരാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണകൂടം. സെപ്തംബർ 30 വരെയാണ് രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: