Sunday, 6 October - 2024

നവംബറില്‍ തോറ്റാല്‍ ഇനിയൊരു അങ്കത്തിനില്ല; പരാജയപ്പെട്ടാല്‍ 2028ല്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ട്രംപ്

യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഇനിയൊരു മത്സരത്തിനില്ലെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. യുഎസ് ടെലിവിഷൻ ബ്രോഡ്കാസ്റ്ററായ സിന്‍ക്ലയറിന്‍റെ ‘ഫുള്‍ മെഷറിനു’ നൽകിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പിൽ കമലാ ഹാരിസിന് മുൻതൂക്കം പ്രവചിച്ചുകൊണ്ടുള്ള സർവേ ഫലങ്ങള്‍ പുറത്തു വന്നതിനു പിന്നാലെയാണ് റിപ്പബ്ലിക്കന്‍ പാർട്ടി സ്ഥാനാർഥിയുടെ പ്രസ്താവന. ശതകോടീശ്വരൻ മസ്കുമായോ റോബോർട്ട് എഫ് കെന്നഡി ജൂനിയറുമായോ ഇടപാടുകളില്ലെന്നും ട്രംപ് അഭിമുഖത്തിൽ വ്യക്തമാക്കി.

നവംബർ അഞ്ചിന് നടക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ യുഎസ് ഭരണഘടനയുടെ 22-ാം അമെന്‍ഡ്‌മെന്‍റ് പ്രകാരം ട്രംപിന് 2028ല്‍ വീണ്ടും മത്സരിക്കാന്‍ സാധിക്കില്ല. ഭാവിയില്‍ ഒരു തെരഞ്ഞെടുപ്പില്‍ കൂടി മത്സരിക്കാനുള്ള അവസരം ട്രംപിനു മുന്നിലുണ്ട്. എന്നാല്‍ തോറ്റാല്‍ വീണ്ടും മത്സരരംഗത്തേക്കില്ലെന്നാണ് ട്രംപ് ഇപ്പോള്‍ പറയുന്നത്.

2024ലെ മത്സരത്തിൽ നിന്ന് ബൈഡൻ പിന്മാറിയതോടെ, യുഎസ് ചരിത്രത്തിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഡൊണാൾഡ് ട്രംപ് മാറിയിരുന്നു. ഇത് 2028ല്‍ മത്സരിക്കുന്നതിന് ട്രംപിന് പ്രശ്നമാകാന്‍ സാധ്യതയുണ്ട്. 

Most Popular

error: