തൃശൂർ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് എഡിജിപി അജിത് കുമാർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിനെതിരെ വിമർശനവുമായി സിപിഐ മുഖപത്രം ജനയുഗം. ആരും പൂരം കലക്കിയിട്ടില്ലെങ്കിലും പൂരം കലങ്ങിയെന്നാണ് റിപ്പോട്ടിൽ പറയുന്നത്. കലങ്ങാതെ കലങ്ങുന്ന നീർച്ചുഴിപോലെയാണ് പൂരമെന്നാണ് അജിത് കുമാർ തമ്പുരാന്റെ കണ്ടുപിടിത്തമെന്ന് ജനയുഗം പറയുന്നു.
പരിചയക്കുറവുകൊണ്ട് കാര്യങ്ങൾ നിയന്ത്രിച്ച എസ്പിയുടെയും പൂരം നടത്തിപ്പുകാരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളെ പഴിചാരിയുമുള്ള തട്ടിക്കൂട്ട് റിപ്പോർട്ട് ആണ് അതെന്നും ജനയുഗം വിമർശിക്കുന്നു. എഡിജിപി രംഗത്തുള്ളപ്പോൾ കാര്യങ്ങൾ നിയന്ത്രിക്കുന്നത് വെറുമൊരു എസ്പിയാകുന്നതെങ്ങനെയെന്നും ജനയുഗം ചോദിക്കുന്നു.
പൂരം എങ്ങനെ ഭംഗിയാക്കാം എന്നതിന് പകരം എങ്ങനെ കുളമാക്കാം, പൂരം കലക്കി എങ്ങനെ സുരേഷ് ഗോപിയെ ജയിപ്പിക്കാം എന്ന ഗൂഢാലോചനയിൽ ഓരോ നീക്കവും നടത്തിയത് അജിത് കുമാർ ആണെന്ന് വ്യക്തമാണെന്നും, പൂരം കലക്കിയതിന് ചുക്കാൻ പിടിച്ച അജിത് കുമാർ തന്നെ കലക്കൽ അന്വേഷിച്ചാൽ താൻ കലക്കിയില്ല എന്നല്ലാതെയുള്ള റിപ്പോർട്ട് മാത്രമല്ലെ നൽകു എന്നും സിപിഐ മുഖപത്രത്തിൽ പറയുന്നു.
തൃശൂർ പൂരം കലക്കൽ വിവാദത്തിൽ ഐജി, ഡിഐജി എന്നിവരെക്കുറിച്ച് അന്വേഷണ റിപ്പോർട്ടിൽ പരാമർശം ഉണ്ടായിരുന്നില്ല. ഉന്നത ഉദ്യോഗസ്ഥരെ കമ്മീഷണർ വിവരമറിയിച്ചില്ലെന്ന് മാത്രമാണ് റിപ്പോർട്ടിൽ ഉള്ളത്. സ്ഥലത്തുണ്ടായിരുന്ന ഐജി കെ. സേതുരാമനും ഡിഐജി അജീത ബീഗവും എന്ത് ചെയ്തു എന്നതിനെപ്പറ്റിയും റിപ്പോർട്ടിൽ പരാമർശമില്ല. പൂരം കലങ്ങിയതിൽ ഏതെങ്കിലും ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി അടക്കുമുള്ള തുടർനടപടികൾക്കുള്ള ശുപാർശയും റിപ്പോർട്ടിലില്ല.