Sunday, 6 October - 2024

കുട്ടികളുടെ നഗ്ന ചിത്രം സൂക്ഷിക്കുന്നത് പോക്സോ നിയമപ്രകാരം കുറ്റകരം”; മദ്രാസ് ഹൈക്കോടതിയുടെ വിധി റദ്ദാക്കി സുപ്രീം കോടതി

കുട്ടികളുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും സൂക്ഷിക്കുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ വിവാദ വിധി സുപ്രീം കോടതി റദ്ദാക്കി. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും കാണുന്നത് പോക്സോ, ഐടി നിയമങ്ങൾ പ്രകാരം കുറ്റകരമല്ലെന്ന വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.

ഹൈക്കോടതി ഗുരുതരമായ പിശക് ചെയ്തിരിക്കുന്നുവെന്ന് നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. ഹൈക്കോടതി വിധി റദ്ദാക്കിയ കോടതി, ഇത്തരം കേസുകളില്‍ ക്രിമിനല്‍ നടപടികള്‍ തുടരാമെന്നും വ്യക്തമാക്കി.

കുട്ടികളുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും ഡൗണ്‍ലോഡ് ചെയ്യുന്നതും, അവ ഡിലീറ്റ് ചെയ്യാതിരിക്കുന്നതും അത് പ്രചരിപ്പിക്കാനുള്ള ഉദ്ദേശ്യത്തെയാണ് സൂചിപ്പിക്കുന്നതെന്നും കോടതി വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ ജസ്റ്റ് റൈറ്റ്സ് ഫോര്‍ ചില്‍ഡ്രന്‍ എന്ന കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്.

കുട്ടികളുടെ നഗ്നചിത്രങ്ങള്‍ സ്വകാര്യമായി കാണുന്നതും, എന്തെങ്കിലും ഉദ്ദേശ്യങ്ങളില്ലാതെ അത് സൂക്ഷിക്കുന്നതും പോക്സോ ആക്ട് പ്രകാരം കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.

കുട്ടികളുടെ ഇത്തരം ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നത് പോക്സോ നിയമപ്രകാരം കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും ചൂഷണം ചെയ്യുന്നതുമായ വിഷയമാണെന്ന് പുനര്‍നിര്‍വചിക്കുന്നതിനുള്ള ഓർഡിനൻസ് പാർലമെൻ്റിൽ കൊണ്ടുവരണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. മാത്രമല്ല, ചൈല്‍ഡ് പോണോഗ്രഫി എന്ന പ്രയോഗത്തിനു പകരം ചൈല്‍ഡ് സെക്ഷ്വല്‍ ആന്‍ഡ് എക്‌സ്പ്‌ളോയ്റ്റീവ് ആന്‍ഡ് അബ്യൂസ് മെറ്റീരിയല്‍ എന്ന പ്രയോഗം കൊണ്ടുവരണമെന്നും കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു.

ജനുവരി 11നാണ് കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ ഫോണിൽ ഡൗൺലോഡ് ചെയ്തെന്ന കേസില്‍ 28കാരനെതിരായ ക്രിമിനൽ നടപടികൾ മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്. ആരോപണവിധേയന്‍ സ്വകാര്യമായി കാണുന്നതിന് മാത്രമാണ് കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ വിധി. അവ എവിടെയെങ്കിലും പബ്ലിഷ് ചെയ്യുകയോ, മറ്റാര്‍ക്കെങ്കിലും അയച്ചുകൊടുക്കുകയോ ചെയ്തില്ല.

കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സ്വന്തമായി മാത്രം കാണുന്നത് ഐ.ടി ആക്ട് 67ബി പ്രകാരം കുറ്റകൃത്യമല്ല. അത് പ്രചരിപ്പിച്ചാല്‍ മാത്രമേ കുറ്റകരമാകൂ. പോക്സോ ആക്ട് പ്രകാരം, ഒരു കുട്ടിയെയോ അല്ലെങ്കില്‍ കുട്ടികളെയോ പോര്‍ണോഗ്രഫി ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയിരിക്കണം. ഈ കേസില്‍ അത്തരമൊരു ആക്ഷേപം ഇല്ല. ആരോപണവിധേയന്‍ പോര്‍ണോഗ്രഫി വീഡിയോ കാണുക മാത്രമാണ് ചെയ്തിട്ടുള്ളത്.

അതിനുവേണ്ടി കുട്ടിയേയോ കുട്ടികളെയോ ഉപയോഗിച്ചിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍, ആരോപണവിധേയന്റെ ധാര്‍മിക അധപതനമായേ അതിനെ കാണാനാകൂ എന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.

അതേസമയം, ഇത്തരം വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നതുകൊണ്ട് യാതൊരു നിയമ നടപടിയും നേരിടേണ്ടിവരില്ലെന്ന ധാരണയാണ് കോടതി വിധി സമ്മാനിക്കുന്നതെന്നായിരുന്നു ജസ്റ്റ് റൈറ്റ്സ് ഫോര്‍ ചില്‍ഡ്രന്‍ എന്ന സംഘടന ആശങ്ക അറിയിച്ചത്. നിഷ്കളങ്കരയായ കുട്ടികള്‍ക്കുണ്ടായ ദോഷത്തിനൊപ്പം, ശിശുക്ഷേമത്തെ ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സംഘടന സുപ്രീംകോടതിയെ സമീപിച്ചത്.

Most Popular

error: