Sunday, 6 October - 2024

തിരിച്ചടിച്ച് ഹിസ്ബുള്ള, കനത്ത പോരാട്ടം; ഇസ്റാഈൽ എയർബേസിൽ ഹിസ്ബുള്ളയുടെ മിസൈൽ ആക്രമണം, മേഖല കടുത്ത യുദ്ധത്തിലേക്ക്

ബെയ്‌റൂത്: ഇസ്റാഈൽ ആസൂത്രണം ചെയ്ത സ്‌ഫോടന പരമ്പരകള്‍ക്കിടയില്‍ തിരിച്ചടിച്ച് ഹിസ്ബുള്ള. വടക്കന്‍ ഇസ്റാഈലിലെ റാമത് ഡാവിഡ് എയര്‍ബേസില്‍ 12ഓളം മിസൈല്‍ ആക്രമണം നടത്തിയതായി ഹിസ്ബുള്ള അറിയിച്ചു. ലെബനനിലെ തുടര്‍ച്ചയായ പേജര്‍, വാക്കി-ടോക്കി സ്‌ഫോടന പരമ്പരയ്ക്ക് മറുപടിയാണ് ഇന്നത്തെ ആക്രമണമെന്ന് ഹിസ്ബുള്ള പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്റാഈലിന്റെ റാമത്ത് ഡേവിഡ് എയർബേസിനെയും, റാഫേൽ പ്രതിരോധ സ്ഥാപനത്തേയും ലക്ഷ്യമിട്ട് റോക്കറ്റുകൾ വിക്ഷേപിച്ചതായാണ് വിവരം. ഗാസയ്‌ക്കെതിരായ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്റാഈൽ സൈന്യവും ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലാണ് മേഖലയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. തുടർച്ചയായി രണ്ടു തവണയാണ് ഡസൻ കണക്കിന് മിസൈലുകളുമായി ഇസ്രായേൽ എയർബേസിന് നേരെ ഹിസ്ബുള്ള ആക്രമണം നടത്തിയത്. പത്തോളം മിസൈലുകൾ തടഞ്ഞതായി ഇസ്റാഈൽ സൈന്യം പറഞ്ഞു.

ഹിസ്ബുള്ളയുടെ ആക്രമണത്തില്‍ 60 വയസുള്ള ഒരാള്‍ക്ക് പരിക്കേറ്റതായി ഇസ്റാഈൽ സൈന്യത്തിന്റെ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് മറുപടി നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭൂരിഭാഗം മിസൈലുകള്‍ തങ്ങള്‍ തടഞ്ഞതായും ആക്രമണത്തെ കുറിച്ചുള്ള അവലോകനം നടക്കുകയാണെന്നും ഇസ്രയേല്‍ സൈന്യം എക്‌സില്‍ കുറിച്ചു.

അതേസമയം കഴിഞ്ഞ ദിവസം ഉച്ചമുതല്‍ ഇതുവരെ 400 ആക്രമണമാണ് തെക്കന്‍ ലെബനനില്‍ ഇസ്റാഈൽ നടത്തിയത്. ബെയ്‌റൂതില്‍ നടത്തിയ ആക്രമണത്തില്‍ ലെമനനിലെ ഹിസ്ബുള്ള കമാന്‍ഡര്‍ ഇബ്രാഹിം അഖീലിനെ ഇസ്രയേല്‍ വധിച്ചിരുന്നു. അനുയായികളുമായി ചര്‍ച്ച നടത്തുന്ന സമയത്തായിരുന്നു ഇസ്റാഈൽ ആക്രമണത്തില്‍ അലീഖ് കൊല്ലപ്പെടുന്നത്.

ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണങ്ങൾ തുടരുമെന്നും, ഇതുവരെയായി ലബനനിലെ വിവിധ ഹിസ്ബുള്ള കേന്ദ്രങ്ങളിലായി 400 ആക്രമണങ്ങൾ നടത്തിയതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. മറുപടിയായി ഹിസ്ബുള്ള വിന്യസിച്ച 85 റോക്കറ്റുകളിൽ ചിലത് ഹൈഫ നഗരത്തിന് സമീപം പതിച്ച്, നിരവധി സ്ഥലങ്ങളിൽ തീപിടുത്തങ്ങൾക്ക് കാരണമായതായും, അഗ്നിശമന സേനാംഗങ്ങൾ തീയണക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇസ്റാഈൽ സ്ഥിരീകരിച്ചു.

ഹൈഫയ്ക്ക് സമീപമുള്ള കിര്യത് ബിയാലിക്കിൽ റോക്കറ്റുകൾ പതിച്ച് മൂന്ന് പേർക്ക് പരിക്കേൽക്കുകയും നിരവധി നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി ഇസ്രായേൽ പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. പേജറുകളും വാക്കി-ടോക്കികളും പൊട്ടിത്തെറിച്ച് നിരവധിപ്പേരാണ് ലെബനനില്‍ കൊല്ലപ്പെട്ടത്. ഇസ്റാഈൽ ചാര സംഘടനയായ മൊസാദാണ് സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

‘എല്ലാ ക്യാമറകളും എടുത്ത് ഈ നിമിഷം ഇറങ്ങണം’; വെസ്റ്റ് ബാങ്കിലെ അൽ ജസീറ ഓഫീസിൽ ഇസ്റാഈൽ റെയ്ഡ്

വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിലെ റാമല്ല നഗരത്തിലുള്ള അൽ ജസീറയുടെ ഓഫീസില്‍ ഇസ്റാഈൽ റെയ്ഡ്. 45 ദിവസത്തേക്ക് ബ്യൂറോ അടച്ചിടാന്‍ ഉത്തരവിട്ടതായും അൽ ജസീറ ടിവി റിപ്പോർട്ട് ചെയ്തു. ആയുധധാരികളും മുഖംമൂടി ധരിച്ചതുമായ ഇസ്റാഈലി സൈനികരാണ് റെയ്ഡിനെത്തിയത്. നെററ് വര്‍ക്കിന്‌റെ വെസ്റ്റ് ബാങ്ക് ബ്യൂറോ ചീഫ് വാലിദ് അല്‍-ഒമരിക്കാണ് ബ്യൂറോ അടക്കാനുള്ള ഉത്തരവ് കൈമാറിയത്. തീരുമാനത്തിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

‘അൽ ജസീറയുടെ ബ്യൂറോ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് ആയുധങ്ങളുമായി മുഖംമൂടി ധരിച്ച ഇസ്റാഈലി സൈനികർ ബലമായി പ്രവേശിച്ചു. 45 ദിവസത്തെ അടച്ചുപൂട്ടൽ ഉത്തരവ് നെറ്റ്‌വർക്കിൻ്റെ വെസ്റ്റ് ബാങ്ക് ബ്യൂറോ ചീഫ് വാലിദ് അൽ-ഒമാരിക്ക് ഇന്ന് പുലർച്ചെകൈമാറി. എല്ലാ ക്യാമറകളും എടുത്ത് ഈ നിമിഷം ഓഫീസിൽ നിന്ന് ഇറങ്ങാനാണ് ഇസ്റാഈലി സൈനികൻ അറബിയിൽ ആവശ്യപ്പെട്ടത്. ഈ നടപടിയ്ക്ക് പിന്നിലെ കാരണം അവർ വ്യക്തമാക്കിയില്ല’, അൽ ജസീറ റിപ്പോർട്ട് ചെയ്തു.

നടപടിയെ അൽ ജസീറ അപലപിച്ചു. ഈ ഏകപക്ഷീയമായ സൈനീക തീരുമാനം മാധ്യമസ്വാതന്ത്ര്യത്തിന്റെ ലംഘനമായി കണക്കാക്കപ്പെടുന്നുവെന്ന് സ്ഥാപനം പ്രസ്താവനയിൽ പറഞ്ഞു. മനുഷ്യാവകാശങ്ങളും അടിസ്ഥാന ആവശ്യങ്ങളും ലംഘിക്കുന്ന ക്രമിനല്‍ പ്രവർത്തിയെന്നാണ് അൽ ജസീറ ഇസ്റാഈലി സൈന്യത്തിൻ്റെ ഈ നടപടിയെ വിശേഷിപ്പിച്ചത്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ച് മെയ് മാസത്തിൽ അൽ ജസീറയെ രാജ്യത്തിനുള്ളിൽ പ്രവർത്തിക്കുന്നതിൽ നിന്ന് ഇസ്റാഈൽ നിരോധിച്ചതിന് മാസങ്ങൾക്ക് ശേഷമാണ് റെയ്ഡ്. മെയ് മാസത്തിൽ അൽ ജസീറയുടെ ഓഫീസായി ഉപയോഗിച്ചിരുന്ന ജറുസലേമിലെ ഹോട്ടൽ മുറിയിലും ഇസ്രായേൽ അധികൃതർ റെയ്ഡ് നടത്തിയിരുന്നു.

Most Popular

error: